photo|SLK 'X' handle
FOOTBALL

സൂപ്പർ ലീഗ് കേരള: തൃശൂരിനെ തകർത്ത് തിരുവനന്തപുരം സെമിയിൽ; നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ പുറത്ത്

ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സി നാലാം സ്ഥാനക്കാരായ തിരുവനന്തപുരം കൊമ്പൻസിനെയും, രണ്ടാം സ്ഥാനക്കാരായ മലപ്പുറം എഫ്‌സി മൂന്നാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചിയെയും നേരിടും

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ നിർണ്ണായകമായ അവസാന ലീഗ് മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3–0) തകർത്ത് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരിക ജയം നേടിയതോടെയാണ് കൊമ്പൻസ് അവസാന നാലിൽ ഇടംപിടിച്ചത്. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് തിരുവനന്തപുരം സെമി ബെർത്ത് ഉറപ്പിച്ചത്. ഇതോടെ 12 പോയിന്റുള്ള നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച തിരുവനന്തപുരത്തിനായി 10-ാം മിനിറ്റിൽ കെ. ശ്രീരാജും 15-ാം മിനിറ്റിൽ ബ്രസീലിയൻ താരം പാട്രിക് സിൽവ മോട്ടയും വലകുലുക്കി ആദ്യ പകുതിയിൽ തന്നെ ടീമിന് വ്യക്തമായ ലീഡ് നൽകി. രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ അർജുൻ എടുത്ത ഫ്രീകിക്കിൽ നിന്ന് പ്രതിരോധ താരം ഷെയ്ൻ സാജൻ ഹെഡറിലൂടെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി. മത്സരത്തിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ച പാട്രിക് സിൽവ മോട്ടയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ലീഗ് ഘട്ടം പൂർത്തിയായപ്പോൾ 23 പോയിന്റുമായി ഷീൽഡ് ജേതാക്കളായ കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്തും, മലപ്പുറം എഫ്‌സി (18 പോയിന്റ്) രണ്ടാമതും, ഫോഴ്‌സ കൊച്ചി എഫ്‌സി (16 പോയിന്റ്) മൂന്നാമതുമെത്തി. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സി നാലാം സ്ഥാനക്കാരായ തിരുവനന്തപുരം കൊമ്പൻസിനെയും, രണ്ടാം സ്ഥാനക്കാരായ മലപ്പുറം എഫ്‌സി മൂന്നാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചിയെയും നേരിടും.

SCROLL FOR NEXT