ഡൽഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ആശ്വസ വിധിയുമായി സുപ്രീം കോടതി. നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് ഉത്തരവ്. ഭരണഘടന അംഗീകരിക്കുന്നതിനായി നാലാഴ്ചയ്ക്കകം ജനറൽ ബോഡി യോഗം ചേരാനും നിർദേശം. ഭരണഘടന കോടതി അംഗീകരിച്ചതോടെ ഫിഫയുടെ വിലക്കുമുണ്ടാവില്ല.
ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിച്ചില്ലെങ്കിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫയുടെ നിർദേശമുണ്ടായിരുന്നു. കരട് ഭരണഘടന അംഗീകരിച്ചതോടെ പന്ത് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ്റെ കോർട്ടിലായി. ഭരണസമിതിക്ക് തുടരാമെന്നും ഒരു വർഷം മാത്രം കാലാവധി ബാക്കി നിൽക്കെ പുതിയ തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നും സുപ്രീം കോടതി വിധിച്ചു.
നാലാഴ്ചയ്ക്കുള്ളിൽ ജനറൽ ബോഡി ചേരാനാണ് നിർദേശം. ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ ഭരണഘടന. ഇത് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രസിഡൻ്റ് അടക്കം 14 അംഗങ്ങളാണ് ഭരണസമിതിയിൽ ഉണ്ടാവുക. രണ്ട് വൈസ് പ്രസിഡൻ്റുമാരിൽ ഒരാൾ വനിതയായിരിക്കണം. ഒരു ട്രഷററും പത്ത് അംഗങ്ങളും സമിതിയിൽ ഉണ്ടാകും. അംഗങ്ങളിൽ 5 പേർ മുൻതാരങ്ങളായിരിക്കണം. അതിൽ രണ്ട് പേർ വനിതാ താരങ്ങളാകണമെന്നും ഭരണഘടന നിർദേശിക്കുന്നു.
ജീവിത കാലയളവിൽ ഭരണസമിതിയിൽ തുടർച്ചയായി എട്ട് വർഷവും ആകെ 12 വർഷവും മാത്രമാണ് ഒരാൾക്ക് പ്രവർത്തിക്കാനാകൂ. 70 വയസാണ് പ്രായപരിധി. അധ്യക്ഷനുൾപ്പെടെയുള്ളവരെ അവിശ്വസ പ്രമേയത്തിലൂടെ പുറത്താക്കാമെന്നും പുതിയ ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി എൻ. നാഗേശ്വരറാവുവാണ് കരട് ഭരണഘടന തയ്യാറാക്കിയത്. വിധി ഇന്ത്യൻ ഫുട്ബോളിൻ്റെ വിജയമാണെന്ന് എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ പറഞ്ഞു. ഫെഡറേഷൻ ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബൈച്ചുങ് ബൂട്ടിയ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.