കൊച്ചി: എഎഫ്‌സി യോഗ്യതാ മത്സരത്തിൽ ഹോങ്കോങിനെ തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ ആശ്വാസ ജയം സ്വന്തമാക്കിയത്. 10 വർഷത്തിന് ശേഷം കൊച്ചിയിൽ ഇന്ത്യ പന്ത് തട്ടിയപ്പോൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വർഷങ്ങൾക്കിപ്പുറം നീലകടലായി. ടൂർണമെന്റിൽ നിന്ന് ഹോങ്കോങും ഇന്ത്യയും നേരത്തെ പുറത്തായിരുന്നെങ്കിലും എന്നാൽ പോരാട്ടത്തിൽ അതൊന്നും ബാധകമായില്ല.
നാലാം മിനിറ്റിൽ അരങ്ങേറ്റ താരം റയാൻ വില്യംസ് ഹോങ്കോങ്ങിന്റെ വലകുലുക്കി. ഇന്ത്യൻ താരത്തിൻ്റെ അരങ്ങേറ്റത്തിലെ വേഗതയേറിയ ഗോൾ. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ ഹോങ്കോങും ലീഡ് ഉയർത്താൻ ഇന്ത്യയും മിന്നും പ്രകടനം നടത്തിയെങ്കിലും ഗോൾ അകന്ന് നിന്നു. എന്നാൽ രണ്ടാം പകുതിയിൽ ആകാശ് മിശ്ര വീണ്ടും ഹോങ്കോങ്ങിന്റെ വലകുലുക്കി.
65ആം മിനിറ്റിൽ എവർട്ടൻ ഗോൾ മടക്കിയെങ്കിലും ഇന്ത്യൻ ജയത്തെ തടയാൻ കഴിഞ്ഞില്ല. അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ ഇന്ത്യൻ താരം വില്യംസ് കേരളത്തിനോട് നന്ദി പറഞ്ഞു. സ്വന്തം കാണികൾക്ക് മുന്നിൽ പന്ത് തട്ടാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ആഷിഖ് കുരുണിയൻ പ്രതികരിച്ചു. അരങ്ങേറ്റം കുറിച്ച മലയാളി താരം ബിജോയിയും ആഷിഖും മിന്നും പ്രകടനവുമായി കളം നിറഞ്ഞപ്പോൾ സഹൽ ഇറങ്ങിയില്ല.
സഹലിനെ ഇറക്കാത്തതിലെ നീരസം അറിയിച്ചാണ് അനസ് എടത്തൊടിക പ്രതികരിച്ചത്. നിറഞ്ഞ ഗ്യാലറികൾക്ക് നന്ദി പറഞ്ഞാണ് ഇന്ത്യ ടീം മടങ്ങിയത്. ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങൾ കൊച്ചി അർഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ മത്സരത്തിന് ലഭിച്ച പ്രതികരണം.