യൂറോപ്യൻ ഫുട്ബോളിൽ വമ്പന്മാർക്ക് തകർപ്പൻ ജയം. പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ സിറ്റിയെ തകർത്ത് ടോട്ടനം രണ്ടാമത്. അഴ്സനൽ, ബാഴ്സലോണ ടീമുകൾക്കും ജയത്തുടർച്ച. എസി മിലാൻ ജഴ്സിയിൽ തോൽവിയോടെ അരങ്ങേറ്റം കുറിച്ച് ലൂക്ക മോഡ്രിച്ച്.
സ്വന്തം ആരാധകർക്ക് മുന്നിൽ ജയത്തുടർച്ച ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റർ സിറ്റി കളത്തിലിറങ്ങിയത്. എന്നാൽ ഇത്തിഹാദിൽ വീശിയത് ടോട്ടനത്തിന്റെ കൊടുങ്കാറ്റ്. മത്സരത്തിൽ ബോൾ പാസിങ്ങിലും പൊസിഷനിലും ആധിപത്യം പുലർത്തിയ സിറ്റി ടോട്ടനത്തിന് മുന്നിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീണു. ആദ്യ പകുതിയിൽ ബ്രെണ്ണൻ ജോൺസനും യാവോ പൗളിഞ്ഞയുമാണ് സ്പർസിനായി വലകുലുക്കിയത്. രണ്ടാം പകുതിയിൽ അവസരങ്ങൾ നഷ്ടപെടുത്തിയതും, ടോട്ടനത്തിന്റെ ഉറച്ച പ്രതിരോധവും ആതിഥേയർക്ക് വില്ലനായി എത്തി. തുടർച്ചയായ രണ്ടാം ജയത്തോടെ തോമസ് ഫ്രാങ്കും സംഘവും 6 പോയിൻ്റുമായി ലീഗിൽ രണ്ടാമത്.
കഴിഞ്ഞ സീസണുകളിൽ കൈവിട്ട കിരീടം നേടാനുറച്ചാണ് ആഴ്‌സനൽ ഇപ്രാവിശ്യമെത്തിയത്. ചെകുത്താന്മാരെ തോൽപിച്ചു തുടങ്ങിയ ഗണ്ണേഴ്സിന് രണ്ടാം മത്സരത്തിലും ഉജ്വല ജയം. അഞ്ച് ഗോളുകൾക്കാണ് ആഴ്‌സനൽ ലീഡ്സിനെ തകർത്തെറിഞ്ഞത്. ആഴ്സനലിൻ്റെ പുത്തൻതാരം വിക്ടർ ഗ്യോക്കറസ് പ്രീമിയർ ലീഗിൽ ആദ്യ ഗോൾ ഉൾപ്പെടെ ഇരട്ട ഗോളുകൾ നേടി. ഗ്യോക്കറസിന് ഗണ്ണേഴ്സിനായി യൂറിയാൻ ടിമ്പറും സാകയുമാണ് ലീഡ്‌സിന്റെ വലനിറച്ചത്. ജയത്തോടെ ആഴ്‌സനൽ ലീഗിൽ ഒന്നാമതെത്തി.
സ്പാനിഷ് ലീഗിൽ ആവേശനിറച്ച പോരാട്ടമായിരുന്നു ബാഴ്‌സലോണ ലെവന്റെ മത്സരം. ആദ്യ പകുതിയിൽ രണ്ട് ഗോൾ ലീഡ് എടുത്ത ലെവന്റെയെ രണ്ടാം പകുതിയുടെ ആദ്യ പത്ത് മിനിറ്റിൽ തന്നെ ഫെറൻ ടോറസും പെഡ്രിയും ബാഴ്‌സയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിലെ അധിക സമയത് ലമിന് യമാൽ ക്രോസ്സ് ചെയ്ത പന്ത് ലെവന്റെ സെന്റർ ബാക് ഹെഡ്ർ ചെയ്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കവേ സെൽഫ് ഗോൾ. മത്സരം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്‌സയുടെ കയ്യിൽ. ജയത്തോടെ ബാഴ്‌സ ലീഗിൽ മുന്നിലെത്തി.
എസി മിലാനിലെത്തിയ ക്രോയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ചിന് നിരാശയോടെയാണ് പുതിയ സീസന്റെ തുടക്കം. ഇറ്റാലിയൻ ലീഗിൽ ക്രെമോനീസിനെതിരെ ഒന്നിതിരെ രണ്ടു ഗോളുകൾക്ക് മിലാൻ വീണു. ഇന്ന് സൂപ്പർ ടീമുകൾ കളത്തിലിറങ്ങും. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ഓവിഎഡോയാണ് എതിരാളികൾ. EPL ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും, ക്രിസ്റ്റൽ പാലസ് നോട്ടിങ്ഹാം ഫോറെസ്റ്റിനെയും നേരിടും.