ഒരു ഫുട്ബോൾ താരത്തിന് ഒരു ജനതയെ എത്രത്തോളം സ്വാധീനിക്കാനാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് തുർക്കിയിലെത്തിയ മുഹമ്മദ് സലാ ചരിത്രം മാറ്റിയെഴുതുകയാണ്. സലായെ വാങ്ങാൻ ചെലവാക്കിയ പണത്തിൻ്റെ നല്ലൊരു പങ്കും ഇപ്പോൾ തന്നെ തുർക്കി ക്ലബ്ബിൻ്റെ അക്കൗണ്ടിൽ തിരിച്ചെത്തി. ലിവർപൂൾ വിട്ട് പുതിയ തട്ടകം തെരഞ്ഞ, മുഹമ്മദ് സലായെ ടീമിലെത്തിക്കാൻ 34 ദശലക്ഷം യൂറോയാണ് തുർക്കി ക്ലബ്ബ് ട്രാബ്സോൺസ്പോർ ചെലവഴിച്ചത്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ 377 കോടിയോളം വരും. തുർക്കി ഫുട്ബോളിൻ്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.
സലാ ക്ലബ്ബിൽ അരങ്ങേറ്റം കുറിക്കും മുൻപ് തന്നെ ജേഴ്‌സികൾക്കായി ആവശ്യക്കാർ ഇരച്ചെത്തിയപ്പോൾ ക്ലബ്ബ് ഉടമകൾക്ക് ലോട്ടറിയടിച്ചു. ഈജിപ്ഷ്യൻ നായകൻ്റെ പേരിൽ വിഖ്യാതമായ പത്താം നമ്പർ ജേഴ്‌സി ക്ലബ്ബ് ഇറക്കി. 15000 ജേഴ്‌സികളാണ് ആദ്യ മണിക്കൂറിൽ തന്നെ വിറ്റുപോയത്. ജേഴ്‌സി വരുമാനത്തിൻ്റെ ഒരു ഭാഗം മുഹമ്മദ് സലായ്ക്ക് ക്ലബ്ബ് നൽകുന്ന തരത്തിലാണ് കരാർ. സീസൺ ടിക്കറ്റുകളിലും റെക്കോർഡ് മാറ്റിത്തീർക്കുകയാണ് ട്രാബ്സോൺസ്പോർ ക്ലബ്ബ്.
സീസൺ തുടങ്ങും മുൻപ് തന്നെ 17000 സീസൺ ടിക്കറ്റുകൾ വിറ്റഴിച്ച് റെക്കോർഡിലെത്തിയപ്പോൾ ക്ലബ്ബ് ആരാധകരോട് ആവശ്യപ്പെട്ട 25000 എന്ന ടാർഗെറ്റും പൂർത്തിയാക്കി കുതിക്കുകയാണ്. 34കാരന് വേണ്ടി 377 കോടി ചെലവഴിച്ചതിൽ അത്ഭുതം കൊണ്ടവർക്ക് മുന്നിൽ വിപണിയെ ഞെട്ടിച്ച് മുന്നോട്ട് പോവുകയാണ് സലായും ക്ലബ്ബും. ഫുട്ബോളിൽ മാത്രമല്ല തുർക്കിയുടെ സർവവാണിജ്യമേഖലയിലും സലായുടെ വരവ് സ്വാധീനം ചെലുത്തുകയാണ്.
ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നിന്ന് തുർക്കിയിലെ ട്രാബ്സോണിലേക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങിയിരിക്കുകയാണ് തുർക്കിഷ് എയർലൈൻസ്. ടൂറിസം മേഖലകൂടിയായ ട്രാബ്സോണിലേക്ക് വൻതോതിൽ ഈജിപ്റ്റിലെയും അറബ് രാജ്യങ്ങളിലെയും ആളുകളെത്തുമെന്നാണ് കണക്കുകൂട്ടൽ. സലായുടെ മത്സരം നേരിട്ട് കാണാനും സ്റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ചെത്തുകയാണ്. ഫുട്ബോളിലെ ഒരു കൂടുമാറ്റം ഒരു രാജ്യത്തിൻ്റെ പ്രതീക്ഷയാകുന്ന കാഴ്ചയാണ് തുർക്കിയിൽ.