FOOTBALL

യുവേഫ ചാംപ്യന്‍സ് ലീഗ്: പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് ഗോളിന്റെ കടവുമായി ചെല്‍സി പിഎസ്ജിയേയും, മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെയും നേരിടും.

Author : ന്യൂസ് ഡെസ്ക്

യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. രണ്ടാം പാദത്തില്‍ തിരിച്ചു വരവിന് ഒരുങ്ങി പ്രീമിയര്‍ ലീഗ് ക്ലബുകള്‍. മൂന്ന് ഗോളിന്റെ കടവുമായി ചെല്‍സി പിഎസ്ജിയേയും, മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെയും നേരിടും.

ആദ്യ പാദ മത്സരങ്ങളില്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് കാലിടറിയപ്പോള്‍ റയലും പിഎസ്ജിയും സ്വന്തമാക്കിയത് മൂന്ന് ഗോളിന്റെ ലീഡോടെ മിന്നും ജയങ്ങളാണ്. തിരിച്ചു വരവ് ലക്ഷ്യമിടുന്ന സിറ്റിക്കും ചെല്‍സിക്കും സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാല് ഗോളിന്റെ ജയം നേടിയേ മതിയാകൂ.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സിയെ പിഎസ്ജി നിലംപരിശാക്കി വിട്ടത്. ക്ലബ് ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചെല്‍സിയെ അവരുടെ തട്ടകത്തിലും പിഎസ്ജിക്ക് മറികടന്നേ പറ്റൂ. പരിക്കിന്റെ പിടിയിലായ മാഡ്രിഡിനെ അനായാസം തകര്‍ക്കാം എന്ന സിറ്റിയുടെ മോഹങ്ങള്‍ക്ക് മുകളില്‍ വാല്‍വര്‍ഡെ പറന്ന് ഉയര്‍ന്നപ്പോള്‍ പെപും സംഘവും ഏറ്റുവാങ്ങിയത് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വി.

റയലിനെ സ്വന്തം മണ്ണില്‍ വീഴ്ത്താനാണ് സിറ്റി ഇറങ്ങുന്നത്. സ്വപ്ന കുതിപ്പ് തുടരുന ബോഡോ മൂന്ന് ഗോളിന്റെ ആനുകൂല്യവുമായാണ് സ്‌പോര്‍ട്ടിങ് എഫ് സിയുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. അവസാന മിനിറ്റില്‍ ഗോള്‍ നേടി സമനില സ്വന്തമാക്കിയ ആഴ്‌സനല്‍ ലെവര്‍ക്കൂസനെ സ്വന്തം നാട്ടില്‍ തകര്‍ക്കാനാണ് എത്തുന്നത്. 11.15ന് സ്‌പോര്‍ട്ടിങ് എഫ് സി ബോഡോ മത്സരത്തോടെയാണ് രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കം.

SCROLL FOR NEXT