ലോകകപ്പിലെ പ്രകടനത്തിലൂടെ ആഗോള ശ്രദ്ധ നേടിയ കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞ. Image: Instagram
FOOTBALL

പ്രശസ്തി തലവേദനയായി; പഴയ ജീവിതം തന്നെ മതിയെന്ന് കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീഞ്ഞ

താരപദവിക്കൊപ്പം നഷ്ടമായത് സ്വകാര്യതയും സമാധാനവുമാണ്. പുറത്തിറങ്ങിയാല്‍ ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനുമായി ആളുകള്‍ ചുറ്റും കൂടുന്നു.

Author : ന്യൂസ് ഡെസ്ക്

ഒറ്റ രാത്രി കൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഗോള്‍കീപ്പര്‍. പക്ഷേ ഇപ്പോള്‍ സ്വന്തം പ്രശസ്തി തന്നെ ആ താരത്തിന് തലവേദനയാവുകയാണ്. ലോകകപ്പിലെ അത്ഭുത പ്രകടനത്തിന് പിന്നാലെ ജീവിതം മാറിമറിഞ്ഞ കേപ് വെര്‍ദെ താരം വൊസീഞ്ഞ പുതിയ ക്ലബ്ബില്‍ ഇടം കണ്ടെത്താന്‍ പോലും പാടുപെടുകയാണ്.

ലോകകപ്പ് അരങ്ങേറ്റത്തില്‍ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് 40കാരനായ വൊസീഞ്ഞ ആഗോള താരമായത്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെയും എക്‌സ്ട്രാ ടൈം വരെ പിടിച്ചുനിര്‍ത്തി. പിന്നാലെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 50,000ത്തില്‍ നിന്ന് 27.5 മില്യണായി കുതിച്ചു. അഡിഡാസ്, പെപ്‌സി, റെഡ് ബുള്‍ തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ പരസ്യങ്ങള്‍ക്കായി താരത്തെ തേടിയെത്തി. ബാലണ്‍ ഡി ഓര്‍ വേദിയില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ ആറാം സ്ഥാനവും.

എന്നാല്‍ താരപദവിക്കൊപ്പം നഷ്ടമായത് സ്വകാര്യതയും സമാധാനവുമാണ്. പുറത്തിറങ്ങിയാല്‍ ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനുമായി ആളുകള്‍ ചുറ്റും കൂടുന്നു. പഴയ ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വൊസീഞ്ഞ തുറന്നുപറയുന്നു. കളിക്കളത്തിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല.

ചിലിയന്‍ ക്ലബ്ബായ കോളോ കോളോയിലെത്തിയെങ്കിലും ഇതുവരെ കളത്തിലിറങ്ങിയത് അഞ്ച് മത്സരങ്ങളില്‍ മാത്രം. മുന്‍ ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ വിമര്‍ശനവും നേരിടേണ്ടിവന്നു. ആറുമാസത്തെ കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബിലെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

ലോകകപ്പിലൂടെ ലോകത്തിന്റെ ശ്രദ്ധ നേടിയ വൊസീഞ്ഞയ്ക്ക് ഇന്ന് പ്രശസ്തി ഒരേസമയം നേട്ടവും വെല്ലുവിളിയുമാകുകയാണ്. മൈതാനത്തെ മിന്നും പ്രകടനത്തിലൂടെ നേടിയ താരപദവിക്കൊപ്പം നഷ്ടമായത് സ്വകാര്യതയും പഴയ സമാധാനജീവിതവും. വൊസീഞ്ഞയുടെ കഥ ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തും ചര്‍ച്ചയാകുകയാണ്.

SCROLL FOR NEXT