സന മിർ  
SPORTS

പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്ന് വിളിച്ച് മുന്‍ പാക് താരം; വനിതാ ലോകകപ്പിലും ഇന്ത്യ-പാക് സംഘര്‍ഷം

കമന്‍ററിക്കിടെ ക്രീസിലേക്ക് പാക് താരം കടന്നു വരുന്നതിനിടയില്‍ 'സ്വതന്ത്ര കശ്മീര്‍' എന്ന പരാമര്‍ശമാണ് സന മിര്‍ നടത്തിയത്

Author : ന്യൂസ് ഡെസ്ക്

വനിതാ ലോകകപ്പിനിടെ മുന്‍ പാക് താരം നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പാകിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു പരാമര്‍ശം. മുന്‍ പാക് ക്യാപ്റ്റന്‍ സന മിര്‍ ആണ് വിവാദ പരാമര്‍ശം നടത്തിയത്.

മാച്ചില്‍ കമന്ററി പറഞ്ഞിരുന്നത് സന മിര്‍ ആയിരുന്നു. ക്രീസിലേക്ക് പാക് താരം കടന്നു വരുന്നതിനിടയില്‍ 'സ്വതന്ത്ര കശ്മീര്‍' എന്ന പരാമര്‍ശമാണ് സന മിര്‍ നടത്തിയത്. പാക് താരം നതാലിയ പര്‍വേസിനെ കുറിച്ചാണ് സനയുടെ കമന്ററി. നതാലിയ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ 'ആസാദ് കശ്മീര്‍' ല്‍ നിന്നുള്ള താരം എന്നായിരുന്നു സനയുടെ വിശേഷണം. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെയാണ് മുന്‍ പാക് താരം ആസാദ് കശ്മീര്‍ എന്ന് വിളിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരങ്ങളെല്ലാം വിവാദങ്ങളും അസാധാരണ സംഭവങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ലോകകപ്പിലേക്കും ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ചയാകുന്നത്.

മുന്‍ പാക് താരത്തിന്റെ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ഉദേശ്യമെന്നുമാണ് ഇന്ത്യയില്‍ നിന്നുള്ള ആരാധകരുടെ പ്രതികരണം. ഇതിനിടയില്‍, ഏഷ്യാ കപ്പിനു സമാനമായി വനിതാ ലോകകപ്പിലും പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കില്ല. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ലോകകകപ്പില്‍ ഞായറാഴ്ചയാണ് ഇന്ത്യ-പാക് മത്സരം.

SCROLL FOR NEXT