ശ്രീലങ്കയ്‌ക്കെതിരെ ഈ മാസം ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും. ടി20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതോടെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻ ആരായിരിക്കും എന്ന ചോദ്യത്തിന് ഇതോടെ വ്യക്തത വന്നേക്കും. രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് നായകസ്ഥാനം ലഭിക്കാൻ സാധ്യത കൂടുതൽ. അതേസമയം ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍സിയിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് പരിഗണിച്ചാണ് ബോർഡ് സൂര്യകുമാറിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാപ്റ്റനെ ആവശ്യമായതിനാലാണ് സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉയരുന്നു.
ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഓൾറൗണ്ടർ എന്ന നിലയിൽ മികച്ച പ്രകടനമാണ് ഹാർദിക് കാഴ്ച്ചവെച്ചത്. ഫൈനിലിൽ നിർണായകമായ രണ്ട് വിക്കറ്റുകളും അവസാന ഓവറിലെ മിന്നും പ്രകടനവും ഹാർദിക് പാണ്ഡ്യയ്ക്ക് ഗുണമായേക്കും. നിലവിലെ വൈസ് ക്യാപ്റ്റനാണ് എന്നതും ഹാർദികിന്റെ സാധ്യതകളെ ഇരട്ടിയാക്കുന്നു. ഇന്റർനാഷണൽ ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് സൂര്യയും ടീമിൽ തുടരുന്നത്. രണ്ട് തവണ ഐസിസിയുടെ മികച്ച ടി20 പ്ലെയർക്കുള്ള പുരസ്കാരം നേടിയ താരമാണ് സൂര്യകുമാർ യാദവ്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ ഇന്ത്യയെ നയിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ജൂലൈ 27 മുതലാണ് ഇന്ത്യയുടെ ടി20 പരമ്പര തുടങ്ങുക. ഇന്ത്യയുടെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ഗൗതം ഗംഭീറിന്റെ കീഴില്‍ നടക്കുന്ന ആദ്യ പരമ്പര കൂടിയാണ് ശ്രീലങ്കയ്ക്കെതിരെയുള്ളത്.