SPORTS

ടി20 ലോകകപ്പിലെ തോൽവി തിരിച്ചടിയായി, ഹർമൻ പ്രീത് കൗറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയേക്കും?

2024ലെ ടി20 ലോകകപ്പിൽ ടീമിൻ്റെ മോശം പ്രകടനത്തിന് ശേഷം ഹർമൻപ്രീത് ക്യാപ്റ്റനായി തുടരണമോ എന്ന് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

2024 ലെ വനിതാ ടി20 ലോകകപ്പിലെ ദയനീയ തോൽവിക്ക് ശേഷം നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീമിന് നേരെയും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെയും ഉയര്‍ന്നത്. ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും പരാജയപ്പെട്ട് ഇന്ത്യ പുറത്തായതോടെ ഹർമൻ പ്രീത് ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുമോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ടീമിന് പുതിയ ക്യാപ്റ്റനെ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് ബിസിസിഐ ചിന്തിച്ച് തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹെഡ് കോച്ച് അമോൽ മുജുംദാറിനെയും സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ ഭാരവാഹികൾ കാണുമെന്നും ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടത്തുമെന്നും ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ ക്യാപ്റ്റൻ വേണമോ എന്ന കാര്യം ബിസിസിഐ ചർച്ച ചെയ്യും. ടീം ആഗ്രഹിച്ചതെല്ലാം ബോർഡ് അവർക്ക് നൽകിയിട്ടുണ്ട്. ഒരു ന്യൂ ഫേസ് ടീമിനെ മുന്നോട്ട് നയിക്കേണ്ട സമയമാണിതെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഹർമൻപ്രീത് ടീമിലെ ഒരു പ്രധാന അംഗമായി തുടരും, എന്നാൽ ഇത് മാറ്റത്തിന്റെ കാലമാണ്. ബിസിസിഐയോട് ചേർന്ന് നിൽക്കുന്ന പ്രധാനപ്പെട്ട വൃത്തങ്ങൾ ഇങ്ങനെ പറയുന്നതായാണ് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

2024ലെ ടി20 ലോകകപ്പിൽ ടീമിൻ്റെ മോശം പ്രകടനത്തിന് ശേഷം ഹർമൻപ്രീത് ക്യാപ്റ്റനായി തുടരണമോ എന്ന് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. "ബിസിസിഐയും സെലക്ടർമാരും ഒരു കോൾ എടുക്കണം. ഒരു സ്ഥാനമാറ്റം അവർ ആ​ഗ്രഹിക്കുന്നെങ്കിൽ, ഇതാണ് കൃത്യമായ സമയം. അടുത്തൊരു ലോകകപ്പ് രണ്ട് വർഷത്തിലുണ്ടാകും. അതിനാൽ, തീരുമാനം എത്രയും പെട്ടന്ന് തന്നെ വരണം. വൈസ് ക്യാപ്റ്റൻ ജെമിമ റോഡ്രി​ഗസിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കാവുന്നതാണ്. അവർക്ക് 24 വയസ് മാത്രമാണ് പ്രായം. ഇനിയും ഒരുപാട് കാലം അവർ ടീമിലുണ്ടാകും." മിതാലി രാജ് പറഞ്ഞു.

SCROLL FOR NEXT