SPORTS

ചാംപ്യന്‍സ് ലീഗില്‍ ബയേണിന്‍റെ ഗോള്‍ മഴ; റെക്കോര്‍ഡിട്ട് ഹാരി കെയ്ന്‍

മത്സരത്തിൽ തുടക്കം മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ ബയേൺ 19-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്

Author : ന്യൂസ് ഡെസ്ക്

ചാംപ്യൻസ് ലീഗിന് സ്വന്തംമണ്ണിൽ വെടിക്കെട്ട് തുടക്കമിട്ട് ബയേൺ മ്യൂണിക്ക്. റെക്കോർഡ് നേട്ടവുമായി ഹാരി കെയ്ൻ നിറഞ്ഞാടിയപ്പോൾ ഡൈനാമോ സാഗ്രെബ് തകർന്നു. രണ്ടിനെതിരെ ഒമ്പത് ​ഗോളുകളാണ് ബയേൺ അടിച്ചു കൂട്ടിയത്. മൂന്ന് പെനാൽറ്റിയടക്കം നാല് ഗോളുകളാണ് ഹാരി കെയ്ൻ നേടിയത്. മിഖായേൽ ഒലിസെ ഇരട്ടഗോൾ നേടി തിളങ്ങി.

മത്സരത്തിൽ തുടക്കം മുതൽ അവസാനം വരെ ആധിപത്യം പുലർത്തിയ ബയേൺ 19-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ രണ്ട് ഗോളടിച്ച് ഡൈനാമോ തിരിച്ചെത്തിയെങ്കിലും പിന്നെ ബയേണിൻ്റെ ഗോൾമഴയാണ് കണ്ടത്. ചാംപ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന ഇംഗ്ലണ്ട് താരമെന്ന വെയ്ൻ റൂണിയുടെ റെക്കോർഡ് കെയ്ൻ മറികടന്നു. ബയേണിനായി കെയ്ൻ അൻപതാം ഗോളും പിന്നിട്ടു.


നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡും ജയത്തോടെ സീസണിന് തുടക്കമിട്ടു. സ്റ്റുഡ്‌ഗട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയൽ തോൽപ്പിച്ചത്. എംബാപ്പ, റൂഡിഗർ, എൻറിക് എന്നിവരാണ് റയലിൻ്റെ ഗോൾ നേടിയത്. അതേസമയം, സ്വന്തം മണ്ണിൽ എസി മിലാൻ ലിവർപൂളിനോട് തോറ്റു. മൂന്നാം മിനിറ്റിൽ മുന്നിലെത്തിയ ശേഷമാണ് മിലാൻ്റെ തോൽവി.


ആസ്റ്റൻ വില്ല യങ് ബോയ്‌സിനെയും യുവൻ്റസ് പിഎസ്‌വിയെയും സ്പോർട്ടിംഗ് ലില്ലെയെയും തോൽപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദിൽ ഇൻ്റർമിലാനെ നേരിടും. ഡോർട്ട്മുണ്ട് പിഎസ്‌ജി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.

SCROLL FOR NEXT