Image: Instagram
SPORTS

മുന്‍ അഫ്ഗാന്‍ താരം ഗുരുതരാവസ്ഥയില്‍; ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തിയത് കഴിഞ്ഞ ജനുവരിയില്‍

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് നിലവില്‍ ഷപൂര്‍ സര്‍ദാനുള്ളത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരം ഇന്ത്യയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഷപൂര്‍ സദ്രാന്‍ എന്ന താരമാണ് 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്' (HLH) എന്ന ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് നിലവില്‍ ഷപൂര്‍ സര്‍ദാനുള്ളത്. കഴിഞ്ഞ ജനുവരി മുതല്‍ 38 കാരനായ മുന്‍ അഫ്ഗാന്‍ താരം ഇവിടെ ചികിത്സയിലാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രവര്‍ത്തിച്ച് സ്വന്തം കോശങ്ങളെത്തന്നെ ആക്രമിക്കുന്ന, ജീവന്‍ അപകടത്തിലാക്കുന്ന അപൂര്‍വമായ രോഗാവസ്ഥയാണ് എച്ച്എല്‍എച്ച്. പ്രധാനമായും ഇത് കുട്ടികളെയാണ് ബാധിക്കുന്നത്.

സദ്രാന് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ വിസ ലഭിക്കാന്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മിര്‍വൈസ് അഷ്‌റഫും ഇടപെട്ടിരുന്നു. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ സഹായമാണ് മിര്‍വൈസ് തേടിയത്.

സദ്രാന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും അണുബാധയും ഡെങ്കിപ്പനിയും ബാധിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു. അസ്ഥിമജ്ജ, കരള്‍, പ്‌ളീഹ തുടങ്ങിയ അവയവങ്ങളെയും രോഗം ബാധിച്ചതായാണ് വിവരം.

2009 മുതല്‍ 2020 വരെ അഫ്ഗാനിസ്ഥാനായി 44 ഏകദിനങ്ങളിലും 36 ട്വന്റി-20 മത്സരങ്ങളിലും കളിച്ച താരമാണ് ഷപൂര്‍ സദ്രാന്‍. 2025 ജനുവരിയിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

കഴിഞ്ഞ ഒക്ടബോറിലാണ് സദ്രാന്റെ നില വഷളായതെന്ന് സഹോദരന്‍ ഖമായ് സദ്രാന്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തിച്ചത്.

SCROLL FOR NEXT