ഗൗതം ഗംഭീര്‍ 
SPORTS

ഈ തിരിച്ചുവരവിൽ എനിക്ക് സന്തോഷമുണ്ട്; ഇത്തവണ പക്ഷെ, മറ്റൊരു റോളിലാണ്: ഗൗതം ഗംഭീർ

ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ​ഗംഭീറിനെ കോച്ചായി ബിസിസിഐ നിയമിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ഹെഡ് കോച്ചായി നിയമിതനായതിന് ശേഷം ആദ്യ പ്രതികരണവുമായി ​ഗൗതം ​ഗംഭീർ. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1.4 ബില്യൺ ജനങ്ങളുടെ സ്വപ്നങ്ങളും തോളിലേറ്റിയാണ് ടീം ഇന്ത്യ നിലനിൽക്കുന്നതെന്നും ആ സ്വപ്നസാഫല്യത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ​ഗംഭീർ എക്സിൽ കുറിച്ചു.

"ഇന്ത്യയാണ് എൻ്റെ വ്യക്തിത്വം, എൻ്റെ രാജ്യത്തെ സേവിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രിവില്ലേജാണ്. ഈ തിരിച്ചുവരവിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഇത്തവണ പക്ഷെ, മറ്റൊരു റോളിലാണ്. പക്ഷെ, എന്റെ ലക്ഷ്യം അന്നും ഇന്നും ഒന്നുതന്നെയായിരിക്കും, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം കാത്തുസൂക്ഷിക്കുക. 1.4 ബില്യൺ ജനങ്ങളുടെ സ്വപ്നങ്ങളും തോളിലേറ്റിയാണ് 'മെൻ ഇൻ ബ്ലൂ' നിലനില്‍ക്കുന്നത്. ആ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും." തന്റെ എക്സ് പോസ്റ്റിൽ ​ഗൗതം ​ഗംഭീർ കുറിച്ചു.

ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ​ഗംഭീറിനെ കോച്ചായി ബിസിസിഐ നിയമിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചിങ് ടീമിൽ നിന്നും രാജിവെച്ചാണ് ​ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലും 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും നിർണായക പങ്കുവഹിച്ച താരമാണ് ​ഗൗതം ​ഗംഭീർ. ഇന്ത്യയ്ക്കായി 147 ഏകദിനങ്ങളും 58 ടെസ്റ്റ് മത്സരങ്ങളും 37 ടി20 മത്സരങ്ങളും ​ഗം​ഭീർ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കായും ഗംഭീര്‍ പാഡ് അണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്കും അദ്ദേഹം ചുവടുവെച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നും 2019ൽ ബിജെപിയ്ക്കായി മത്സരിച്ച ​ഗംഭീർ വിജയം കൈവരിച്ച് എം.പിയുമായിരുന്നു.

SCROLL FOR NEXT