ടി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന് ഇനി ഒരു നാൾ മാത്രം. ലോകകിരീട സ്വപ്നവുമായി രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് അണിനിരക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്‌ലാൻഡിനെ നേരിടും. കഴിഞ്ഞ തവണ കൈവിട്ട കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യൻ പെൺപടയുടെ പടയൊരുക്കം.
വനിത ടി20 ലോകകപ്പിൻ്റെ ഒൻപതാം പതിപ്പിനാണ് നാളെ തുടക്കമാകുന്നത്. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിന് ദുബായിയും ഷാർജയും വേദിയാകും. കളി നിയന്ത്രിക്കാൻ ഇക്കുറി വനിത അമ്പയർമാർ മാത്രമാണെന്നതും ശ്രദ്ധേയം.
ALSO READ: ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ടീം ഇന്ത്യ
കന്നി കിരീടമെന്ന സ്വപ്നം സാഫല്യമാക്കാൻ വമ്പൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഹർമൻപ്രീത് കൌർ നയിക്കുന്ന ടീമിൽ കേരളത്തിൻ്റെ അഭിമാന താരങ്ങളായ ആശാ ശോഭനയും സജന സജീവനുമുണ്ട്. മികവുറ്റ ടീമുമായാണ് ഇക്കുറി ഇന്ത്യ ഇറങ്ങുന്നത്.
2020 ലോകകപ്പ് ഫൈനലിൽ കൈവിട്ട കിരീടം കൈപിടിയിലൊതുക്കാനാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ , ന്യൂസിലാൻഡ്, പാകിസ്താൻ, ശ്രീലങ്ക ടീമുകൾക്കൊപ്പം ഇന്ത്യ മാറ്റുരയ്ക്കും. നാലിന് ന്യൂസിലാൻഡാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ.
തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഇറങ്ങുന്നത്. കന്നി കിരീടമെന്ന മോഹവുമായാണ് വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ഒഴികെയുള്ള ടീമുകൾ ഇറങ്ങുക. ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന ലോകകപ്പിൻ്റെ ഫൈനൽ 20ന് നടക്കും.