യൂറോകപ്പ് ഫുട്‌ബോളിൽ നിന്ന് പിന്‍മാറുമെന്ന ഭീഷണിയുമായി സെർബിയ. ക്രൊയേഷ്യ - അൽബേനിയ മത്സരത്തിനിടെ സെർബിയക്കാർക്കെതിരെ പ്രകോപനപരമായ ബാനറുകളും ചാന്‍റുകളും ഉയര്‍ത്തി അല്‍ബേനിയന്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു. അല്‍ബേനിയയുടെയും സെര്‍ബിയയുടെയും ആരാധരകുടെ അതിരുകടന്ന ആഘോഷ പ്രകടനങ്ങളെത്തുടര്‍ന്ന് ഇരു ടീമുകള്‍ക്കും യുവേഫ 1000 യൂറോ പിഴ ചുമത്തിയിരുന്നു. ക്രൊയേഷ്യ, അൽബേനിയ ടീമുകൾക്കെതിരെ ശിക്ഷാനടപടി വേണമെന്ന് സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ യുവേഫയെ അറിയിച്ചു.
ക്രൊയേഷ്യൻ - അൽബേനിയൻ ആരാധകരിൽ നിന്ന് സെർബിയക്കാർക്കെതിരെ കടുത്ത രീതിയിലുള്ള ചാന്‍റുകളാണുണ്ടായത്. മത്സരശേഷം അൽബേനിയൻ താരം തന്നെ ഇതിന് നേതൃത്വം നൽകിയതായും ആരോപണമുയർന്നിട്ടുണ്ട്. യുവേഫ കടുത്ത നടപടി സ്വീകരിക്കാത്ത പക്ഷം ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്നാണ് സെർബിയ ഫുട്‌ബോൾ അസോസിയേഷൻ ഭീഷണി മുഴക്കിയത്.
ഇറ്റലിക്കെതിരായ മത്സരത്തിനിടെ ഗാലറിയില്‍ നിന്നും അല്‍ബേനിയന്‍ ആരാധകര്‍ മൈതാനത്തേക്ക് കുപ്പികളും കാനുകളും വലിച്ചെറിഞ്ഞിരുന്നു. ഇംഗ്ലണ്ട് – സെർബിയ മത്സരത്തിനിടെ തങ്ങൾക്കെതിരെ രാഷ്ട്രീയ പരാമർശങ്ങളും വംശീയ അധിക്ഷേപവും അടങ്ങുന്ന ബാനർ ഉയർത്തിയെന്നു ചൂണ്ടിക്കാട്ടി കൊസവോ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പരാതിയെത്തുടർന്നാണ് യുവേഫ സെർബിയൻ ഫുട്ബോൾ അസോസിയേഷന് പിഴ ചുമത്തിയത്. ഇന്നലെ സെർബിയ – സ്‍ലൊവേനിയ മത്സരത്തിലും ഗാലറിയിൽ ആരാധകരുടെ അതിക്രമം തുടർന്നിരുന്നു.
സെർബിയൻ ആധിപത്യത്തിൽ നിന്ന് 2008ലാണ് അല്‍ബേനിയന്‍ വംശജര്‍ ഏറെ വസിക്കുന്ന കൊസവോ സ്വാതന്ത്ര്യം നേടിയത്. പക്ഷെ, സെര്‍ബിയ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. സെര്‍ബിയയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ക്രൊയേഷ്യയും അല്‍ബേനിയയും കൊസവോയ്ക്ക് തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിനാലാണ് ഈ രാജ്യങ്ങളുടെ ആരാധകർ തമ്മിലുള്ള മുദ്രാവാക്യങ്ങളും ബാനറുകളും കളിക്കളത്തിലേക്കും പടരുന്നത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ മത്സരത്തിനു ശേഷം കോർട്ടിനു പുറത്തുള്ള ക്യാമറയുടെ ലെൻസിൽ ‘കൊസവോ സെർബിയയുടെ ഹൃദയമാണ്’ എന്നെഴുതിയ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച് വലിയ വിവാദത്തില്‍ പെട്ടിരുന്നു.