SPORTS

IND Vs BAN | സമ്പൂർണ വിജയം, മൂന്നാം ട്വന്‍റി20യും ഇങ്ങെടുത്തു; ഇന്ത്യക്ക് 133 റണ്‍സ് വിജയം

ജയത്തോടെ 3-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്‍റി20യും സ്വന്തമാക്കി ഇന്ത്യ. 133 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ പടുത്തുയർത്തിയത്. സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന് സൂര്യകുമാർ യാദവിന്‍റെയും ഹർദിക് പാണ്ഡ്യയുടെയും പിന്തുണ കൂടിയായപ്പോള്‍ ഇന്ത്യ കൂറ്റന്‍ ടോട്ടലിലേക്ക് ഉയരുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 164 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ജയത്തോടെ 3-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

Also Read: 'തല' പോലെ വരുമാ, നീളന്‍ മുടിക്ക് വിട; സ്റ്റൈലിഷ് ഹെയര്‍ സ്റ്റൈലുമായി ധോണി!

പരമ്പരയിലെ അവസാനത്തെ ടി-20യില്‍  ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായ അഭിഷേക് ശർമക്ക് കാര്യമായി സംഭാവന നല്‍കാന്‍ സാധിച്ചില്ല. 4 റണ്‍ മാത്രം എടുത്ത് അഭിഷേക് ശർമ മടങ്ങിയപ്പോള്‍ എല്ലാ പ്രതീക്ഷകളും സഞ്ജുവിലും രണ്ടാമനായിറങ്ങിയ സൂര്യകുമാറിലുമായിരുന്നു. ഇരുവരും ഗാലറിയുടെ വികാരം അറിഞ്ഞു. ബംഗ്ലാദേശ് ബൗളർമാർക്ക് പിന്നെ നിലം തൊടാന്‍ നേരം ഉണ്ടായിരുന്നില്ല. ദേശീയ ജേഴ്സിയിലെ ആദ്യ സെഞ്ച്വറി സഞ്ജു നേടിയത് കേവലം 40 പന്തിലാണ്. അതും ഒരു ഇന്ത്യക്കാരന്‍റെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോർഡിനൊപ്പം. 22 പന്തിലായിരുന്നു സഞ്ജുവിന്‍റെ ഫിഫ്റ്റി. 111(47) റണ്‍സെടുത്ത് മെഹെദി ഹസന്‍റെ പന്തില്‍ മുസ്തഫിസുര്‍ റഹ്‌മാന് കാച്ച് നല്‍കി മടങ്ങുമ്പോള്‍ സഞ്ജു തന്‍റെ അക്കൗണ്ടിലേക്ക് 11 ഫോറും 8 സിക്സും ചേർത്തിരുന്നു. മറുവശത്ത് സൂര്യകുമാറും ആക്രമണം അഴിച്ചുവിട്ടു.  75 റണ്‍‌സാണ് സൂര്യകുമാർ അടിച്ചു കൂട്ടിയത്. ഇവർക്ക് പിന്നാലെ വന്ന ഹാർദിക് പാണ്ഡ്യ 18 പന്തില്‍ 48 റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യ 297 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തി.

Also Read: IND Vs BAN | ഹൈവോള്‍ട്ട് സഞ്ജു! 40 പന്തില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസണ്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യ ഉയർത്തിയ സ്കോർ 'ബാലികേറാ മല' ആയിരുന്നു. 63 റണ്‍സ് നേടിയ തൗഹിദ് ഹൃദ്യോയി ആണ് ബംഗ്ലാ നിരയിലെ കേമന്‍. 42 റണ്‍സെടുത്ത ലിട്ടണ്‍ ദാസാണ് പിന്നെ മികവ് പുലർത്തിയത്. ഓപ്പണർ പര്‍വെസ് ഹൊസൈന്‍ ഇമോണ്‍ പൂജ്യത്തിനാണ് മടങ്ങിയത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോക്ക് 14 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മായങ്ക് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

SCROLL FOR NEXT