SPORTS

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ടീം ഇന്ത്യ

കാൺപൂർ ടെസ്റ്റിൽ ബൗളിംഗിലും ബാറ്റിംഗിലും തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയം കരസ്ഥമാക്കിയത്

Author : ന്യൂസ് ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകൾ നേടുന്ന ടീം എന്ന റെക്കോർഡ് ഇനി ഇന്ത്യക്ക് സ്വന്തം. ഈ വര്‍ഷം 90 സിക്‌സറുകളാണ് ഇന്ത്യ നേടിയത്. 1877 മുതലുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഒരുവര്‍ഷം 90 സിക്‌സുകള്‍ നേടുന്നത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനമാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ഒരു കലണ്ടര്‍ വര്‍ഷം 89 സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 2022ലായിരുന്നു ഇം​ഗ്ലീഷ് സംഘം ഈ റെക്കോർഡ് സ്വന്തമാക്കിയത്. 2021 ല്‍ ഇന്ത്യ 87 സിക്‌സറുകൾ നേടിയിരുന്നു. 2014 ല്‍ 81 സിക്‌സും 2013 ല്‍ 71 സിക്‌സും നേടിയ ന്യൂസീലാന്‍ഡാണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളിലും.


ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. കാൺപൂർ ടെസ്റ്റിൽ ബൗളിംഗിലും ബാറ്റിംഗിലും തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയം കരസ്ഥമാക്കിയത്. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 95 റൺസ് വിജയലക്ഷ്യം ഇന്ത്യ പതിനേഴാം ഓവറിൽ തന്നെ മറികടന്നിരുന്നു. യശസ്വി ജെയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി. മഴ മൂലം രണ്ട് ദിവസം മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഇന്ത്യ പിന്നീട് മത്സരം തിരിച്ചു പിടിക്കുകയായിരുന്നു.

SCROLL FOR NEXT