SPORTS

വിജയ തേരോട്ടം തുടരാന്‍ ഇന്ത്യ; ബംഗ്ലാദേശിനെതിരെ രണ്ടാം ടി20ക്ക് ഇന്നിറങ്ങും, സഞ്ജുവിന് നിർണായകം

സൂര്യകുമാര്‍ യാദവിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ വിജയ തേരോട്ടം തുടരാന്‍ ഇന്ത്യ ഇന്നിറങ്ങും. ഗ്വാളിയോറിലെ ആദ്യ ടി20യിലെ ആവേശജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും. രാത്രി ഏഴിന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്  മത്സരം.

ആദ്യ ടി20യിൽ ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ആശങ്കപ്പെടാനൊന്നുമില്ലെന്ന് മാത്രമല്ല, കരുത്ത് തെളിയിക്കാനുള്ള അവസരം ആവോളമുണ്ടുതാനും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ യുവനിര ശക്തമാണ്.

സൂര്യകുമാര്‍ യാദവിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മുന്‍നിര താരങ്ങളുടെ അഭാവത്തിലും ഇന്ത്യൻ കരുത്തിനെ വെല്ലുവിളിക്കാന്‍ ബംഗ്ലാദേശിനായില്ല. മലയാളി താരം സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഗ്വാളിയോറിൽ വെടിക്കെട്ട് തുടക്കം ലഭിച്ച സഞ്ജു വലിയ സ്കോർ പടുത്തുയർത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇന്നിറങ്ങുക.

Also Read: 'പാണ്ഡ്യ സ്വാഗ്'; കോഹ്‌ലിയുടെ റെക്കോര്‍ഡ് തിരുത്തി ഹാര്‍ദിക് പാണ്ഡ്യ

അതേസമയം, ആദ്യ മത്സരത്തില്‍ പൊരുതാതെ കീഴടങ്ങിയതിന്‍റെ നാണക്കേട് മായ്ക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനുമാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയിൽ നിന്ന് തിരിച്ചുവരവ് ലക്ഷ്യമിടുന്ന നജ്മുൽ ഹുസൈൻ ഷാൻ്റോയ്ക്കും സംഘത്തിനും ജയം അനിവാര്യമാണ്.

SCROLL FOR NEXT