SPORTS

ഇന്ത്യയുടെ വിജയ കരുക്കള്‍; ചെസ് ഒളിംപ്യാഡില്‍ സ്വർണവുമായി പുരുഷ, വനിതാ ടീമുകള്‍

2022ല്‍ ചെന്നൈയിലെ മാമ്മല്ലപുരത്ത് നടന്ന ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ വെങ്കലം നേടിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം

Author : ന്യൂസ് ഡെസ്ക്

ബുഡാപ്പെസ്റ്റിലെ 45-ാം ചെസ് ഒളിംപ്യാഡിൽ ഇരട്ട സ്വർണവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ സംഘം. ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വർണ നേട്ടം കൈവരിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യൻ പുരുഷ ടീം ഒരു റൗണ്ട് ശേഷിക്കേ തന്നെ സ്വർണം ഏറക്കുറെ ഉറപ്പാക്കിയിരുന്നു.

പതിനൊന്നാമത്തെയും അവസാനത്തെയും റൗണ്ടില്‍ ഇന്ത്യ എതിരാളികളായ സ്ലൊവേനിയയെ അനായാസം മറികടന്നു. പുരുഷ വിഭാഗത്തിൽ ആർ. പ്രഗ്നാനന്ദ , ഡി. ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർ വിജയിച്ചപ്പോള്‍, വിദിത് ഗുജറാത്തി സമനില നേടി. സ്ലൊവേനിയക്കെതിരെ 3.5 - 0.5 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്.

Also Read: 92 വർഷത്തിനിടയിൽ ഇതാദ്യം; ചെപ്പോക്കിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

ഓപ്പൺ വിഭാഗത്തിൽ എട്ടു വിജയങ്ങളുമായി കുതിച്ച ഇന്ത്യ, നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. പിന്നാലെ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി.

വനിതാ വിഭാഗത്തിൽ ഡി. ഹരിക, ആർ. വൈശാലി, ദിവ്യ ദേശ്‌മുഖ്, വന്തിക അഗർവാള്‍, താനിയ സച്ച്ദേവ് സഖ്യമാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. അസർബൈജാനെതിരെ ആണ് ഇന്ത്യയുടെ വിജയം. വനിതകളിൽ ഹരിക, വന്തിക, ദിവ്യ എന്നിവർ ജയിച്ചുകയറിയപ്പോൾ, ആർ. വൈശാലി സമനില നേടി.

2022ല്‍ ചെന്നൈയിലെ മാമ്മല്ലപുരത്ത് നടന്ന ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ വെങ്കലം നേടിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം ടീമായിരുന്നു മെഡല്‍ നേടിയത്. ആതിഥേയ രാജ്യം എന്ന നിലയില്‍ ഓരോ വിഭാഗത്തിലും മൂന്ന് ടീമുകളെ മത്സരിപ്പിക്കാന്‍ ഇന്ത്യക്ക് അനുവാദമുണ്ടായിരുന്നു.

SCROLL FOR NEXT