SPORTS

ആഘോഷങ്ങൾക്കിടെ ഫ്രാൻസിനും എംബാപ്പേയ്ക്കും എതിരെ അധിക്ഷേപം, അർജന്റീന ടീമിനെതിരെ രൂക്ഷ വിമർശനം

അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തി. സംഭവത്തില്‍ അര്‍ജന്റീന ടീമിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കുമെന്നും ഫെഡറേഷന്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ശേഷം നടത്തിയ വിജയാഘോഷത്തിൽ അർജന്റീന ടീം ഫ്രാൻസ് ഫുട്ബോൾ ടീമിനെയും കിലിയൻ എംബാപ്പെയേയും വംശീയമായി അധിക്ഷേപിച്ചതായി റിപ്പോർട്ട്. കിരീട നേട്ടത്തിന് ശേഷം കപ്പുമായി അർജന്റീന ടീം അം​ഗങ്ങൾ ആഘോഷിക്കുന്നതിന്റെ ഒരു വീഡിയോ അർജന്റീനിയൻ താരം എൻസോ ഫർണാണ്ടസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലാണ് ഫ്രാൻസ് ഫുട്ബോൾ ടീമിലെ ആഫ്രിക്കന്‍ വംശജരായ താരങ്ങള്‍ക്കെതിരെ അർജന്റീനിയൻ ടീം അം​ഗങ്ങൾ വിവാദപരമായ ചാന്റുകൾ ഉരുവിട്ടത്. സംഭവം വിവാദമായതോടെ എൻസോ ഈ വീഡിയോ പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്എഫ്എഫ്) രംഗത്തെത്തി. സംഭവത്തില്‍ അര്‍ജന്റീന ടീമിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

'സ്പോര്‍ട്സിന്റെയും മനുഷ്യാവകാശത്തിന്റെയും മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഈ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, അര്‍ജന്റീനയ്‌ക്കെതിരെ വംശീയവും വിവേചനപരവുമായ പരാമര്‍ശത്തിന് ഫിഫയ്ക്ക് നിയമപരമായ പരാതി നല്‍കാന്‍ എഫ്.എഫ്.എ തീരുമാനിച്ചിരിക്കുന്നു.' ഫ്രഞ്ച് ഫെഡറേഷന്‍ പ്രസ്താവിച്ചു.

'ടീമിന്റെ ആഘോഷങ്ങള്‍ക്കിടെ എന്റെ ഇന്‍സ്റ്റാഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് ആത്മാര്‍ഥമായി മാപ്പ് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗാനത്തില്‍ വളരെ നിന്ദ്യമായ ഭാഷ ഉള്‍പ്പെടുന്നു, ഈ വാക്കുകള്‍ക്ക് ഒരു ന്യായീകരണവും പറയാനില്ല. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരെ ഞാന്‍ നിലകൊള്ളുന്നു. അവ ഞങ്ങളുടെ കോപ്പ അമേരിക്ക ആഘോഷങ്ങളുടെ ഭാഗമായതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.' എന്‍സോ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

SCROLL FOR NEXT