SPORTS

IPL 2025: പരുക്കിനെ മാത്രമാണ് ഇവർക്ക് പേടി, ദുർബലമായ ബെഞ്ചും റോയല്‍ ബൗളിങ് നിരയുമായി സഞ്ജുവിന്‍റെ രാജസ്ഥാന്‍

ലേലത്തിനു മുന്നോടിയായി ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ നിലനിർത്തിയത്- അഞ്ച് ക്യാപ്ഡ് പ്ലേയേഴ്സും ഒരു അണ്‍ ക്യാപ്ഡ് പ്ലേയറും

Author : ന്യൂസ് ഡെസ്ക്

കയ്യിലുള്ള കാശിന് 'നിനച്ചവർ അല്ലെങ്കില്‍ കിടച്ചവർ' എന്നതായിരുന്നു 2025 ഐപിഎല്‍ താരലേലത്തിലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ലൈന്‍. വെറും 41 കോടി മാത്രമായിരുന്നു റോയല്‍സിന്‍റെ കയ്യിലുണ്ടായിരുന്നത്. ആ പണം എങ്ങനെ ചിലവഴിക്കണമെന്നതില്‍ അവർക്ക് വ്യക്തമായ ഒരു തീരുമാനമുണ്ടായിരുന്നില്ല എന്ന് പറയാന്‍ സാധിക്കില്ല.  ബൗളിങ് നിരയെ ശക്തമാക്കണം എന്ന സമീപനം അവരുടെ ലേലംവിളിയില്‍ പ്രകടമായിരുന്നു. അതില്‍ അവർ വിജയിക്കുകയും ചെയ്തു. കടലാസില്‍ രാജസ്ഥാന്‍ ബൗളിങ് നിര വന്‍ പ്രഹര ശേഷിയുള്ളവരുടെ സംഘമാണ്. എന്നാല്‍ അതിനും അപ്പുറം ലേലംവിളിയില്‍ സജീവമാകാന്‍ രാജസ്ഥാന്‍ നിന്നില്ല. ടീമിനെ ശക്തമാക്കാന്‍ സാധ്യതയുള്ള കളിക്കാരുടെ കാര്യത്തില്‍ പോലും നിസംഗമായ സമീപനമായിരുന്നു രാജസ്ഥാന്‍ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ തീരെ ഉറപ്പില്ലാത്ത ഒരു റിസർവ് ബെഞ്ചുമായി ആയിരിക്കും ഇത്തവണ രാജസ്ഥാന്‍ കളിക്കാനിറങ്ങുക. അതുകൊണ്ട് തന്നെ മുന്‍നിര കളിക്കാർക്ക് പരുക്ക് പറ്റുക എന്നത് സ്വപ്നത്തില്‍ പോലും കടന്നുവരാന്‍ രാജസ്ഥാന്‍ ടീമോ ആരാധകരോ ആഗ്രഹിക്കുന്നില്ല.

ലേലത്തിനു മുന്നോടിയായി ആറ് താരങ്ങളെയാണ് രാജസ്ഥാന്‍ നിലനിർത്തിയത്- അഞ്ച് ക്യാപ്ഡ് പ്ലേയേഴ്സും ഒരു അണ്‍ ക്യാപ്ഡ് പ്ലേയറും. അതുകൊണ്ട് തന്നെ 41 കോടിയെ കയ്യിലുള്ളുവെങ്കിലും ലേലത്തിന്‍റെ ആരംഭത്തില്‍ തന്നെ അവർക്ക് മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്‍റെ ശ്രദ്ധ മുഴുവന്‍ ജോഫ്ര ആർച്ചറിനെ വിളിച്ചെടുക്കുന്നതിലായിരുന്നു. 2020 ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി കളിച്ച ആർച്ചർ ആ സീസണിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്നു. ഇത്തവണ 12.50 കോടിക്കാണ് ജോഫ്ര ആർച്ചറിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ജോഫ്രയ്‌ക്കൊപ്പം മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവരെയും കൂടി വാങ്ങി രാജസ്ഥാന്‍ അവരുടെ വിദേശ നിരയുടെ കരുത്തു കൂട്ടി.

ഇന്ത്യക്കാരില്‍ തുഷാർ ദേശ്പാണ്ഡെയ്ക്ക് വേണ്ടിയാണ് ടീം ഏറ്റവും കൂടുതല്‍ തുക മുടക്കിയത്. 6.50 കോടിയാണ് തുഷാറിനു വേണ്ടി മുടക്കിയത്. ഇതോടെ രാജസ്ഥാന്‍റെ പക്കല്‍ അവശേഷിച്ചത് തുച്ഛമായ തുകമാത്രമാണ്. എന്നിട്ടും അവർ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ക്യാപ്റ്റന്‍ നിതീഷ് റാണയെ കൂടി ടീമിന്‍റെ ഭാഗമാക്കി. ഇതോടെ ഒരു കോടിക്ക് മുകളില്‍ ഒരു ഇന്ത്യന്‍ താരത്തെ മാത്രമേ വാങ്ങാന്‍ പറ്റൂ എന്ന പ്രതിസന്ധിയിലെത്തി രാജസ്ഥാന്‍. ഈ സാഹചര്യത്തിലാണ് 13 വയസുകാരന്‍ ബാറ്റർ വൈഭവ് സൂര്യവംശിയെയും ആകാശ് മധ്വാളിനേയും രാജസ്ഥാന്‍ വാങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ ബലം

രാജസ്ഥാന്‍ റോയല്‍സ് നിലനിർത്തിയ ക്യാപ്ഡ് പ്ലേയർമാർ എല്ലാം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമാണ് കാഴ്ചവെയ്ക്കുന്നത്. അതു തന്നെയാണ് അവരുടെ പ്രധാന ശക്തിയും. പല സമയങ്ങളിലായി ടീമിന്‍റെ പൂർണ പിന്തുണ ലഭിച്ച ധ്രുവ് ജുറേൽ, റിയാൻ പരാഗ്, സന്ദീപ് ശർമ, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവർക്ക് ടീമിനോടുള്ള കടപ്പാട് വീട്ടാനുള്ള സുവർണാവസരമാണ് ഈ സീസണ്‍.

ഓപ്പണിങ്ങിനിറങ്ങുന്ന നായകന്‍ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്‌സ്വാളിനും താളം കണ്ടെത്താനായാല്‍ പിന്നെ വിജയം എത്ര ഉയരത്തില്‍ കൊണ്ടുച്ചെന്ന് വെച്ചാലും അത് രാജസ്ഥാനൊപ്പം പോരും. മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യതയുള്ള റിയാന്‍ പരാഗും വന്‍ പ്രഹര ശേഷിയുള്ള കളിക്കാരനാണ്. പിന്നെ എടുത്ത് പറയേണ്ടത് ഒരു ഓള്‍ റൌണ്ടറിന്‍റെ കാര്യമാണ്, യുധ്‌വീർ സിംഗ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച യുധ്വീർ സിംഗ് ഒറ്റയ്ക്ക് കളി തിരിക്കാന്‍ സാധിക്കുന്ന ഓള്‍ റൌണ്ടറാണ്. പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചാല്‍ ഈ യുവതാരം തന്‍റെ അടയാളം പതിപ്പിക്കുമെന്ന് തന്നെ വിചാരിക്കാം.

രാജസ്ഥാന്‍റെ മറ്റൊരു പ്രത്യേകത അവരുടെ ബൗളിങ് നിരയാണ്. തത്വത്തില്‍ അതിഗംഭീരം എന്നുതന്നെ പറയേണ്ടിവരും. കളി രാജസ്ഥാന് അനുകൂലമാകും വിധം ഒന്നാം ഓവറും അവസാന ഓവറും എറിയാന്‍ ശേഷിയുള്ള രണ്ടുപേർ ടീമിലുണ്ട്- ജോഫ്രി ആർച്ചറും സന്ദീപ് ശർമയും. പവർപ്ലേ ഓവറുകള്‍ തീക്ഷണുടെയും ഹസരംഗയുടെയും മധ്വാളിന്‍റെയും കയ്യില്‍ ഭദ്രം. മിഡില്‍ ഓവറുകളില്‍ വിക്കറ്റുകള്‍ നേടുന്നതില്‍ മിടുക്കനാണ് ഹസരംഗ. എക്കോണമി റേറ്റ് അല്‍പം കൂടുതലാണെങ്കിലും ദേശ്‌പാണ്ഡെ മികച്ച ഫോമിലാണെങ്കില്‍ വിക്കറ്റുകള്‍ അനായാസം കണ്ടെത്താന്‍ സാധിക്കും.  വലംകൈയ്യൻ പേസറായ ആകാശ് മധ്വാൾ 2023 ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനു വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്.  ഐപിഎൽ ചരിത്രത്തിൽ പ്ലേഓഫിൽ അഞ്ചു വിക്കറ്റ് നേടിയ ആദ്യ കളിക്കാരനാണ് മധ്വാൾ. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ എലിമിനേറ്ററിലിയിരുന്നു ഈ നേട്ടം. 

ദൗർബല്യങ്ങള്‍

തീരെ ശക്തിയില്ലാത്തതാണ് രാജസ്ഥാന്‍റെ റിസർവ് ബെഞ്ച്. ശരിക്കും പറഞ്ഞാല്‍ അങ്ങനെയൊന്നിനെ കണക്കാക്കണ്ടാ എന്നുവരെ പറയാം. അസാധാരണമായ കളി പുറത്തെടുക്കാന്‍ സാധിക്കുന്ന പതിനൊന്നോ അതിൽ കൂടുതലോ കളിക്കാർ രാജസ്ഥാനിലുണ്ട്. എന്നാൽ ഇവരെ പരുക്ക് വലച്ചാല്‍ ഇനിയാര് എന്നൊരു ചോദ്യം ഉയരും. അതിനു വ്യക്തമായൊരു ഉത്തരം തല്‍ക്കാലം രാജസ്ഥാന്‍റെ പക്കലില്ല.

പരുക്കിന്‍റെ കാര്യത്തിലാണെങ്കില്‍ കുപ്രസിദ്ധി കേട്ടവരാണ് ആർച്ചറും ഹസരംഗയും. ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും പരുക്ക് കാരണം പലപ്പോഴും കളിക്കാന്‍ സാധിക്കാത്ത നിലവന്നവരാണിവർ. ഇത്തരം അവസരങ്ങളില്‍ ആശ്രയിക്കാന്‍ സാധിക്കുന്ന രണ്ട് വിദേശ താരങ്ങള്‍ മാത്രമാണ് രാജസ്ഥാന്‍ നിരയിലുള്ളത്. ഇടംകൈയ്യന്‍ പേസർമാരായ ക്വേന മഫക്കയും ഫസൽഹഖ് ഫാറൂഖിയും. എന്നാല്‍ ഇവർക്ക് മുന്‍ ഐപിഎല്‍ സീസണുകളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

അത്ര കണ്ട് പരിചിതരല്ലാത്തവരാണ് രാജസ്ഥാന്‍റെ ഇന്ത്യന്‍ റീപ്ലേസ്‌മെൻ്റുകളും. എന്നാല്‍ അതൊരു പോരായ്മയാണ് എന്ന് തീർത്തു പറയാന്‍ സാധിക്കില്ല. ചില സമയങ്ങളില്‍ ഇത്തരം കളിക്കാർ ഒരു അനുഗ്രഹമാണ്. നിർണായക ഘട്ടങ്ങളില്‍ പ്രധാന കളിക്കാർക്ക് പിന്തുണ നല്‍കാനും അവസരം ലഭിച്ചാല്‍ കത്തിക്കയറാനും ഇവർക്ക് സാധിച്ചേക്കും. അപ്പോഴും ഇവരുടെ കളി കണ്ടാല്‍ മാത്രമേ ഇവരുടെ കാര്യത്തില്‍ ഒരു ഉറപ്പ് പറയാന്‍ സാധിക്കൂ.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് XI/XII (സാധ്യത)

യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ & വി.കീ), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വണിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്‌വാൾ/ശുഭം ദുബെ



രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡും പ്രതിഫലവും

സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ, ജോഫ്ര ആർച്ചർ (12.50 കോടി), മഹേഷ് തീക്ഷണ (4.40 കോടി), വണിന്ദു ഹസരംഗ (5.25 കോടി), കുമാർ കാർത്തികേയ സിംഗ് (30 ലക്ഷം), ആകാശ് മധ്വാൾ (1.20 കോടി), നിതീഷ് റാണ (4.20 കോടി), തുഷാർ ദേശ്പാണ്ഡെ (6.50 കോടി),ശുഭം ദൂബെ (80 ലക്ഷം), യുധ്വീർ ചരക് (37 ലക്ഷം), ഫസൽഹഖ് ഫാറൂഖി (2 കോടി), വൈഭവ് സൂര്യവംശി (1.1 കോടി), ക്വേന മഫാക (1.5 കോടി), കുനാൽ സിംഗ് റാത്തോഡ് (30 ലക്ഷം), അശോക് ശർമ (30 ലക്ഷം).

SCROLL FOR NEXT