SPORTS

മടങ്ങിവരവ് ചരിത്രമാക്കാനായില്ല, ഇതിഹാസ താരം മൈക്ക് ടൈസണെ ഇടിക്കൂട്ടില്‍ വീഴ്ത്തി ജെയ്ക്ക് പോള്‍

മൂന്നാം റൗണ്ട് മുതല്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ജെയ്ക്കിന് സാധിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്


ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണിന്റെ ഇടിക്കൂട്ടിലേക്ക് മടങ്ങിവരവ് പരജയത്തോടെ. ജെയ്ക്ക് പോളുമായുള്ള മത്സരത്തില്‍ 79-73 എന്ന സ്‌കോറിലാണ് ടൈസണ്‍ കീഴടങ്ങിയത്. 27കാരനായ ജെയ്ക്ക് പോളിനോട് എട്ടു റൗണ്ടിലും ടൈസണ്‍ പൊരുതിയെങ്കിലും വിജയിക്കാനായില്ല.

മൂന്നാം റൗണ്ട് മുതല്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ജെയ്ക്കിന് സാധിച്ചിരുന്നു. 58-ാം വയസ്സില്‍ ഇടിക്കൂട്ടിലേക്ക് തിരികെയെത്തിയ മൈക്ക് ടൈസണ് പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും ചുവടുകള്‍ പിഴയ്ക്കുന്നതിന് കാരണമായി.

യൂട്യൂബര്‍ കൂടിയായ ജേക്ക് പോള്‍ മൈക്ക് ടൈസണെ 'ഗോട്ട്' (G.O.A.T) എന്നാണ് വിശേഷിപ്പിച്ചത്. പോളിനെ മൈക്ക് ടൈസണ്‍ വിശേഷിപ്പിച്ചത് മികച്ച പോരാളി എന്നായിരുന്നു. ജേക്ക് പോള്‍ 2018ലാണ് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് എത്തുന്നത്.

ALSO READ: പ്രീ മാച്ച് ഷോക്കിടെ എതിരാളിയുടെ മുഖത്തടിച്ചു; റിങ്ങിലേക്ക് മടങ്ങും മുമ്പേ ഇടി തുടങ്ങി മൈക് ടൈസൺ

അതേസമയം,മൈക്ക് ടൈസണ്‍-ജെയ്ക്ക് പോള്‍ മത്സരത്തിന് മുന്നോടിയായി ടൈസണ്‍ പോളിന്റെ മുഖത്തടിച്ചത് ചര്‍ച്ചയായിരുന്നു. അമേരിക്കയിലെ ടെക്‌സസിലെ എടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് ഷോയില്‍ ഇരുവരും പരസ്പരം കാണുന്നതിനിടെയാണ് മൈക് ടൈസണ്‍ ജേക്ക് പോളിന്റെ മുഖത്തടിച്ചത്. ചെറുതായാണ് മുഖത്തടിച്ചതെങ്കിലും അത് വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് ഭയന്ന് സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചു മാറ്റിയിരുന്നു.

മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം ആറ് മണിക്ക് നെറ്റ്ഫ്‌ളിക്‌സ് ആണ് സംപ്രേഷണം ചെയ്തത്. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് മൈക്ക് ടൈസണ്‍ ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തിയത്. 2005ലാണ് ടൈസണ്‍ അവസാന പ്രൊഫഷണല്‍ മത്സരത്തില്‍ പങ്കെടുത്തത്. ജൂലൈ 20ന് നടത്താനിരുന്ന മത്സരം ടൈസന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്.

SCROLL FOR NEXT