ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്നുവെന്ന് ജംഷഡ്പൂർ എഫ്‌സി. വരുന്ന 2026-27 സീസൺ മുതൽ ഐഎസ്എൽ ടൂർണമെൻ്റിൽ പങ്കെടുക്കില്ലെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
2017-ൽ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന ആരാധകർക്കും ഒപ്പമുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കും കളിക്കാർക്കും ക്ലബ് മാനേജ്മെൻ്റ് നന്ദി അറിയിച്ചു. ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചയ്ക്കായി മറ്റ് മേഖലകളിൽ തങ്ങൾ സജീവമായി തുടരുമെന്ന് ക്ലബ് വ്യക്തമാക്കി.
യുവപ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ജംഷഡ്പൂർ എഫ്‌സി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജെആർഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ പിന്തുണ നൽകിയ ആരാധകരോടുള്ള കടപ്പാടും ക്ലബ് വ്യക്തമാക്കി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പിന്തുണയ്ക്കും നന്ദിയും ക്ലബ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് തീരുമാനമെന്നാണ് വിവരം. ഈ സീസണിലെ പ്രവേശന ഫീസ് ക്ലബ് നൽകിയിരുന്നില്ലെന്ന ആരോപണവും ശക്തമാണ്.