പ്രശസ്ത ഷൂട്ടിങ് താരവും കോച്ചുമായിരുന്ന ജസ്പാൽ റാണ അന്തരിച്ചു. 49 വയസായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് അന്ത്യം.
ഇന്ത്യക്കായി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഇതിഹാസ താരമാണ് ജസ്പാൽ റാണ.ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആളു കൂടിയാണ് അദ്ദേഹം.
9 സ്വർണം, 4 വെള്ളി, 2 വെങ്കല മെഡലുകളടക്കം 1994, 1998, 2002, 2006 എന്നീ വർഷങ്ങളിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ജസ്പാൽ റാണ 15 മെഡലുകളാണ് നേടിയത്. ഇന്ത്യൻ ഷൂട്ടിങ്ങിന് നൽകിയ സംഭാവനകൾക്ക് 1994 ൽ അർജുന അവാർഡും 1997 ൽ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു. 2020 ൽ ദ്രോണാചാര്യ അവാർഡും ലഭിച്ചു.
2024 ലെ പാരീസ് ഒളിമ്പിക്സിൽ മനു ഭാക്കറിൻ്റെ ഇരട്ട വെങ്കല മെഡൽ നേട്ടത്തിന് പിന്നിലും റാണയായിരുന്നു. വെറും 12 വയസ് മാത്രമുള്ളപ്പോഴാണ് അദ്ദേഹം തൻ്റെ ആദ്യത്തെ ദേശീയ തല സ്വർണം കരസ്ഥമാക്കിയത്. ജൂനിയർ ദേശീയ ടീം പരിശീലകനായും ഉയർന്ന പ്രകടന പരിശീലകനായും മികച്ച സേവനമാണ് ഇന്ത്യൻ ഷൂട്ടിങ് രംഗത്തിൽ കാഴ്ചവെച്ചത്.