SPORTS

പിറന്നാൾ മധുരം നുണഞ്ഞ് ജിമിനസ്; വികൃതി കാട്ടി പെപ്രയും നോഹയും | VIDEO

മഞ്ഞപ്പടയുടെ പ്രിയങ്കരനായ 'സ്പാനിഷ് ഗോഡി'ന് പിറന്നാൾ ആശംസകൾ അറിയിക്കാനും, ഒപ്പം ഒരു കഷ്ണം കേക്ക് തിന്നാനും സഹതാരങ്ങളും തിരക്കുകൂട്ടുന്നുണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്


ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ സ്പാനിഷ് സ്ട്രൈക്കർ ജെസ്യൂസ് ജിമിനസിൻ്റെ 31ാം പിറന്നാൾ. മെയ് 5ന് പരിശീലന ഗ്രൗണ്ടിൽ വെച്ച് നടന്ന പിറന്നാളാഘോഷത്തിൻ്റെ വീഡിയോ ഇന്ന് രാവിലെയാണ് കേരള ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

മുഖ്യ പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചാണ് പിന്നാളാഘോഷം നടത്തിയത്. ഇതിനിടയിൽ രംഗം കൊഴുപ്പിക്കാൻ നോഹയും പെപ്രയും കൂടി രംഗത്തെത്തിയത് സെലിബ്രേഷൻ കൂടുതൽ കളറാക്കി. രണ്ട് ബോട്ടിൽ കുപ്പിവെള്ളം പിറന്നാളുകാരൻ ജിമിനസിൻ്റെ തലവഴി കമിഴ്ത്തിയാണ് മുന്നേറ്റനിരക്കാർ ആശംസയറിയിച്ചത്.

നിസഹായനായി നിന്ന് കേക്ക് മുറിച്ച ശേഷം ആദ്യ കഷ്ണം ബ്ലാസ്റ്റേഴ്സ് പ്രതിനിധിക്കും കോച്ചിനും കൈമാറിയ ശേഷമാണ് പെപ്രയ്ക്ക് നേരെ ജിമിനസ് തിരിഞ്ഞത്. ഇന്ത്യൻ താരങ്ങളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പെപ്രയുടെ തലയിൽ കേക്കിൻ്റെ ക്രീം തേച്ചുപിടിപ്പിച്ചാണ് സ്പാനിഷ് സ്ട്രൈക്കർ പ്രതികാരം വീട്ടിയത്. ഓടി രക്ഷപ്പെടാനുള്ള ഘാന സ്ട്രൈക്കറുടെ നീക്കം ഫലം കണ്ടതുമില്ല.

ജിമിനസിന് മൈക്കിളാശാൻ പിറന്നാളാശംസകൾ അറിയിച്ചു. മഞ്ഞപ്പടയുടെ പ്രിയങ്കരനായ സ്പാനിഷ് ഗോഡിന് പിറന്നാൾ ആശംസകൾ അറിയിക്കാനും ഒപ്പം ഒരു കഷ്ണം കേക്ക് തിന്നാനും സഹതാരങ്ങളും തിരക്കുകൂട്ടുന്നുണ്ടായിരുന്നു.

SCROLL FOR NEXT