SPORTS

പാകിസ്ഥാനെതിരെ നാലാം വിക്കറ്റിൽ 454 റൺസിന്റെ കൂട്ടുകെട്ട്; റണ്‍മല തീര്‍ത്ത് റൂട്ടും ബ്രൂക്കും

375 പന്തില്‍ 262 റണ്‍സ് നേടിയ റൂട്ടിനെ ആഗ സല്‍മാന്‍ പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പിരിയുന്നത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനെതിരായ മുൾടാൻ ടെസ്റ്റിൽ റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് ഹാരി ബ്രൂക്കും ജോ റൂട്ടും. 454 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചാണ് റൂട്ടും ബ്രൂക്കും ക്രിക്കറ്റ് ലോകത്തെ പുതിയ റെക്കോർഡിന് ജനനം നൽകിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് നാലാം വിക്കറ്റിൽ 450 റൺസിന്റെ പാർട്ണർഷിപ്പ് പിറക്കുന്നത്. 2015-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഓസ്‌ട്രേലിയയുടെ ആദം വോഗ്‌സും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് നേടിയ 449 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ മികച്ച സ്‌കോര്‍. 522 പന്തുകളില്‍ നിന്നാണ് ഇവര്‍ 454 റണ്‍സടിച്ചെടുത്തത്. ഇംഗ്ലീഷ് സ്‌കോര്‍ മൂന്നിന് 259 എന്ന നിലയില്‍ നില്‍ക്കെയാണ് റൂട്ട്-ബ്രൂക്ക് ജോഡി ഒന്നിച്ചത്.

375 പന്തില്‍ 262 റണ്‍സ് നേടിയ റൂട്ടിനെ ആഗ സല്‍മാന്‍ പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പിരിയുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അലസ്റ്റര്‍ കുക്കിന്റെ റെക്കോര്‍ഡാണ് റൂട്ട് തകര്‍ത്തത്. 33-കാരനായ റൂട്ട് ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോർഡും തകരുമെന്നാണ് ക്രിക്കറ്റ് വിദ​ഗ്ദർ പറയുന്നത്.

മുള്‍ട്ടാനില്‍ ഇരട്ട സെഞ്ചുറി നേടി സച്ചിനും മറ്റ് നിരവധി ഇതിഹാസ താരങ്ങള്‍ക്കും ഒപ്പമെത്താന്‍ റൂട്ടിനായിട്ടുണ്ട്. സച്ചിന്‍, റിക്കി പോണ്ടിംഗ്, യൂനിസ് ഖാന്‍, ജാവേദ് മിയാന്‍ദാദ്, കെയ്ന്‍ വില്യംസണ്‍, വീരേന്ദര്‍ സെവാഗ്, മാര്‍വന്‍ അട്ടപ്പട്ടു എന്നിവർക്കൊപ്പമാണ് റൂട്ട് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇപ്പോഴും കളിക്കുന്നവരില്‍ ആറ് ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള റൂട്ടും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ൻ വില്യംസണും മാത്രമാണുള്ളത്.

SCROLL FOR NEXT