വിരാട് കോഹ്ലി, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത്, ബാബർ അസം... സമകാലികരായ താരങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആരാണ്? പതിവുപോലെ ചർച്ചകൾ കൊഴുക്കുന്നതിനിടയിൽ 33ാം സെഞ്ചുറിയുമായി കരിയറിൽ നിർണായകമായ നേട്ടത്തിലേക്ക് ചവിട്ടിക്കയറിയിരിക്കുകയാണ് ഇംഗ്ലീഷ് മധ്യനിര ബാറ്റർ ജോ റൂട്ട്.
നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആക്ടീവ് പ്ലേയർമാരുടെ കൂട്ടത്തിൽ ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരമായിരിക്കുകയാണ് ജോ റൂട്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യ ദിനമാണ് തകർപ്പൻ സെഞ്ചുറിയിലൂടെ റൂട്ട് താരമായത്. 206 പന്തിൽ നിന്ന് 143 റൺസാണ് ഇംഗ്ലീഷ് താരം അടിച്ചെടുത്തത്. ഇന്നിംഗ്സിൽ 18 ബൗണ്ടറികളും ഉൾപ്പെടുന്നുണ്ട്.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരനെന്ന അലിസ്റ്റർ കുക്കിൻ്റെ റെക്കോർഡിനൊപ്പവും (33 സെഞ്ചുറി വീതം) ജോ റൂട്ട് എത്തി.
ടെസ്റ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാർ
33 - ജോ റൂട്ട് (264 ഇന്നിംഗ്‌സ്)
32 - സ്റ്റീവ് സ്മിത്ത് (195 ഇന്നിംഗ്‌സ്)
32 - കെയ്ൻ വില്യംസൺ (176 ഇന്നിംഗ്‌സ്)
29 - വിരാട് കോഹ്‌ലി (191 ഇന്നിംഗ്‌സ്)
19 - ചേതേശ്വർ പൂജാര (176 ഇന്നിംഗ്‌സ്)