SPORTS

സഞ്ജു സാംസണെ പിന്തുണച്ചു; ശ്രീശാന്തിന് ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

Author : ന്യൂസ് ഡെസ്ക്


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) കാരണം കാണിക്കല്‍ നോട്ടീസ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സഞ്ജു സാംസണെ ശ്രീശാന്ത് പിന്തുണച്ച് രംഗത്തെത്തിയതിലാണ് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

സഞ്ജു സാംസണെ ചാമ്പ്യന്‍ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനം കെസിഎയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. കെസിഎയുടെ ഇടപെടല്‍ മൂലമാണ് സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ കെസിഎ ഈ ആരോപണത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് രംഗത്തെത്തിയത്.

സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് ശ്രീശാന്ത് പിന്തുണയുമായി രംഗത്തെത്തിയത്. സഞ്ജു ഒരു രാജ്യാന്തര താരമാണ്. അദ്ദേഹത്തെ ക്രൂശിക്കരുത് എന്നതരത്തിലായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇത് കെസിഎയുടെ നിലപാടിനെതിരാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശ്രീശാന്തിനെതിരായ നടപടി.

പൊതു സമൂഹത്തിന് മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ശ്രീശാന്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്ത് ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് നോട്ടീസ്.

SCROLL FOR NEXT