SPORTS

രഞ്ജി ട്രോഫിയിലെ ചരിത്ര നേട്ടം; തലസ്ഥാനത്തെത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ്

നാടിന്റെ സ്വീകരണം കാണുമ്പോള്‍  നമ്മളാണോ രഞ്ജി ട്രോഫി നേടിയത് എന്ന് സംശയിച്ചുവെന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തി രണ്ടാം സ്ഥാനം നേടിയ കേരള ടീമിന് തലസ്ഥാനത്ത് വന്‍ സ്വീകരണം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.

ആവേശത്തോടെ ആരാധകരും ടീമിന് വരവേല്‍പ്പ് നല്‍കി. കൂട്ടായ ജയമാണിതെന്നും ടീമിനെ വരവേല്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

നാടിന്റെ സ്വീകരണം കാണുമ്പോള്‍  നമ്മളാണോ രഞ്ജി ട്രോഫി നേടിയത് എന്ന് സംശയിച്ചുവെന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു. വലിയ സന്തോഷമാണ് ഉണ്ടായത്. കേരള ക്രിക്കറ്റിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ വിജയം പ്രചോദനമാകുമെന്നും സച്ചിന്‍ ബേബി പ്രതികരിച്ചു.

സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ലഭിച്ച ലീഡാണ് വിദര്‍ഭയെ മൂന്നാം രഞ്ജി ട്രോഫി കിരീട നേട്ടത്തിന് അര്‍ഹരാക്കിയത്. ആദ്യമായി കലാശപ്പോരിനെത്തിയ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയതാണ് തിരിച്ചടിയായത്.

ഒന്നാം ഇന്നിങ്‌സില്‍ 37 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന് വിദര്‍ഭയുടെ രണ്ടാം ഇന്നിങ്‌സിന് കടിഞ്ഞാണിടാനും സാധിച്ചില്ല. അവസാന രണ്ട് ദിവസങ്ങളില്‍ കളി തുടര്‍ന്ന വിദര്‍ഭ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. 143.5 ഓവര്‍ ബാറ്റ് ചെയ്ത വിദര്‍ഭ 412 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. സ്‌കോര്‍: കേരളം 342. വിദര്‍ഭ 379, ഒമ്പതിന് 375.


SCROLL FOR NEXT