കേരള സ്കൂൾ കായികമേളയില്‍ അത്‌ലറ്റിക്സിൽ മൂന്നാം ദിവസവും കരുത്ത് തെളിയിച്ച് മലപ്പുറം കുതിക്കുന്നു. 15 സ്വർണം ഉൾപ്പെടെ 124 പോയിന്‍റുമായി അത്‌ലറ്റിക്സിൽ ഒന്നാം സ്ഥാനത്താണ് മലപ്പുറം. മേളയിലെ ഇന്നത്തെ ഏക മീറ്റ് റെക്കോർഡ് തൃശൂരിന്‍റെ വിജയ് കൃഷ്ണനാണ്. സീനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ 11.37 സെക്കന്‍റിൽ ഓടിയെത്തിയാണ് വിജയ് കൃഷ്ണന്‍റെ സുവർണനേട്ടം.
അത്‌ലറ്റിക്സിലെ പാലക്കാടൻ ആധിപത്യത്തിനെ വെല്ലുവിളിച്ചാണ് മലപ്പുറത്തിന്‍റെ ചുണക്കുട്ടികൾ കുതിച്ചു പാഞ്ഞത്. അത്‌ലറ്റിക്സിന്‍റെ മൂന്നാം ദിനം നടന്ന 17 ഫൈനലുകളിൽ ഏഴിലും മലപ്പുറം സ്വർണം സ്വന്തമാക്കി. 15 സ്വർണവും 12 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 124 പോയിന്റുമായി മലപ്പുറമാണ് ഒന്നാമത്. നിലവിലെ ചാംപ്യന്മാരായ പാലക്കാട് 10 സ്വർണം ഉൾപ്പെടെ 76 പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. ജൂനിയർ പെണ്‍കുട്ടികളുടെ ഹൈജംപിൽ മുഴുവൻ മെഡലും മലപ്പുറം സ്വന്തമാക്കി. 1.58 മീറ്റർ താണ്ടി അഷ്‌മിക സി.പി സ്വർണം നേടിയപ്പോൾ മിൻസാര പ്രസാദ് കെ.വി വെള്ളിയും ആഷ്ന ഷൈജു വെങ്കലവും സ്വന്തമാക്കി.
Also Read: ചാംപ്യന്‍സ് ട്രോഫിക്കായി രോഹിത്തും സംഘവും പാകിസ്ഥാനിലേക്കില്ല; നിലപാടറിയിച്ച് ബിസിസിഐ
അതേസമയം, ത്രോ ഇനങ്ങളിൽ കാസർഗോഡ് ഇക്കുറിയും കരുത്തു തെളിയിച്ചു. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഹെനിൻ എലിസബത്തും ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ പാർവണ സതീഷും സ്വർണം നേടി. ഇരുവരും കാസർഗോഡ് കെസി ത്രോസിലെ താരങ്ങളാണ്.
Also Read: സഞ്ജുവിൻ്റെ അഭാവത്തിൽ കേരളത്തിൻ്റെ മിന്നും താരമായി ഉദിച്ചുയർന്ന് ജലജ്
കായികമേള അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നാളെ 30 ഫൈനലുകളാണ് നടക്കുക. അത്‌ലറ്റിക്സിലെ പാലക്കാടൻ തേരോട്ടം മലപ്പുറം അവസാനിപ്പിക്കുമോയെന്നാണ് കായിക കേരളം ഉറ്റുനോക്കുന്നത്.