കേരളത്തിന്‍റെ ഫുട്ബോൾ ആവേശവുമായി സൂപ്പർ ലീഗ് കേരള ഇന്ന് കൊടിയേറും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് വർണാഭമായ ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കുക. ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. മത്സരം രാത്രി 7:30നാണ് മത്സരം.
കേരളാ ഫുട്ബോളിലെ വമ്പൻമാരാകാൻ മത്സരത്തിനിറങ്ങുന്നത് ആറ് ടീമുകളാണ്. ഐഎസ്എൽ മാതൃകയിലാണ് സൂപ്പർ ലീഗ് കേരള മത്സരങ്ങള്‍ സംഘടിപ്പിക്കുക. ആറ് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളുടെ കീഴിലുള്ള ടീമുകൾ ഈ സീസണിൽ ബൂട്ടണിയുമ്പോൾ കേരളക്കരയിലെ കാൽപ്പന്തു കളിക്ക് സാദ്ധ്യതകൾ ഏറും.
തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്‌സാ കൊച്ചി, തൃശ്ശൂർ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സി, കാലിക്കറ്റ് എഫ്‌സി, കണ്ണൂർ വാറിയേഴ്‌സ് എഫ്‌സി എന്നിവരാണ് ആദ്യ സൂപ്പർ ലീഗ് കേരളയിൽ കൊമ്പ് കോർക്കാനെത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം ജാക്വിലിന്‍ ഫെർണാണ്ടസ്, ഡി.ജെ. സാവിയോ, ഡാബ്‌സി, ശിവമണി എന്നിവരെത്തുമെന്നാണ് സൂചന. സ്റ്റാർ സ്പോർട്സ് ഫസ്റ്റിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും മത്സരങ്ങൾ കാണാനാകും. രണ്ട് മാസക്കാലം നീണ്ട് നിൽക്കുന്ന ലീഗിന് നവംബർ 10ന് അവസാനിക്കും.