Source: Files
SPORTS

വെള്ളിത്തിളക്കത്തിൽ വിദർശ; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഡൽ സ്വന്തമാക്കി കോഴിക്കോട് സ്വദേശി; അഭിമാനവും സന്തോഷവുമെന്ന് താരം

10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി വിദർശ കുറിച്ചത് മലയാളിയുടെ കായികചരിത്രത്തിലെ അപൂർവ അധ്യായം...

Author : ന്യൂസ് ഡെസ്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഡൽ സ്വന്തമാക്കി കോഴിക്കോട് സ്വദേശി വിദർശ കെ. വിനോദ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടത്തോടെയാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി വിദർശ കുറിച്ചത് മലയാളിയുടെ കായികചരിത്രത്തിലെ അപൂർവ അധ്യായം. എളവേനിൽ വാളറിവൻ, സോനം മസ്‌കർ എന്നിവർക്കൊപ്പമായിരുന്നു വിദർശയുടെ നേട്ടം.

മെഡൽ നേടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിദർശ പ്രതികരിച്ചു. പലരും പറഞ്ഞ് ഭയപ്പെടുത്തിയത് പോലെ മത്സരം കടുപ്പമായിരുന്നില്ലെന്നും വിദർശ പറഞ്ഞു. വിദർശയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് കുടുംബവും പ്രതികരിച്ചു. ചരിത്ര മെഡൽ നേട്ടത്തിന് പിന്നാലെ വിദർശയെ നേരിട്ട് വിളിച്ച് അഭിനന്ദനമറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും കായിക വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷും. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളികൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് അറിയിച്ചു. വിദർശയ്ക്ക് സ്വീകരണമൊരുക്കുമെന്ന് മന്ത്രി ടി. സിദ്ദിക്കും അറിയിച്ചു.

2018ൽ കോളജ് പഠനകാലത്ത് എൻസിസി കേഡറ്റായാണ് വിദർശ ആദ്യമായി ഷൂട്ടിങ്ങിലേക്ക് എത്തുന്നത്. പരിശീലനം ഘട്ടംഘട്ടമായി മെച്ചപ്പെടുത്തിയ താരം പിന്നീട് ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിലെത്തി. 2025ലെ ദേശീയ സെലക്ഷൻ ട്രയൽസിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഫൈനൽ ലൈനപ്പിലും വിദർശ ഇടം നേടിയിരുന്നു. 2025ൽ കസാഖ്സ്ഥാനിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിലെ മെഡൽ നേട്ടമാണ് വഴിത്തിരിവ്. പ്രോൺ ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു താരം.

10 മീറ്റർ എയർ റൈഫിളിന് പിന്നാലെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലും വിദർശ മത്സരിക്കുന്നുണ്ട്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ്റെ യോഗ്യതാ മത്സരം സെപ്റ്റംബർ 26നും ഫൈനൽ അതേ ദിവസവും നടക്കും. അടുത്ത ലക്ഷ്യവും മെഡൽ തന്നെ. ചരിത്രമെഴുതിയ ഉന്നം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്.

SCROLL FOR NEXT