പാരിസ് ഒളിംപിക്സ് പുരുഷ ബാഡ്‌മിന്‍റണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഒളിംപിക്സ് ചരിത്രത്തിലാദ്യമായി പുരുഷ സിംഗിള്‍സ് ബാഡ്‍മിന്‍റണിന്‍റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ലക്ഷ്യ സെന്‍ സ്വന്തമാക്കി.
ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയി താരം ചൗ ടിയാന്‍ ചെന്നിനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 19-21 ന് ചൈനീസ് തായ്പേയി താരം സ്വന്തമാക്കിയപ്പോള്‍ ശക്തമായ തിരിച്ചുവരവിലൂടെ ലക്ഷ്യ സെന്‍ രണ്ടും മൂന്നും ഗെയിം പിടിച്ചെടുക്കുകയായിരുന്നു. (21-15, 21-12). ഓഗസ്റ്റ് നാലിനാണ് ലക്ഷ്യയുടെ സെമി ഫൈനല്‍ പോരാട്ടം.
ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവും സായ് രാജ്- ചിരാഗ് സഖ്യവും തോറ്റ് പുറത്തായിരുന്നു.
അതേസമയം, അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ പ്രതീക്ഷയായിരുന്ന ധീരജ് അങ്കിത - സഖ്യം വെങ്കല പോരാട്ടത്തില്‍ തോറ്റു പുറത്തായി. മിക്സഡ് ടീം ഇനത്തില്‍ നടന്ന മത്സരത്തില്‍ യുഎസ് ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത് (ഇന്ത്യ 2, യുഎസ്എ 6). തോറ്റെങ്കിലും ഒളിംപിക്സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന നേട്ടവുമായാണ് ധീരജ്- അങ്കിത സഖ്യം പാരീസ് വിടുന്നത്.