ടി20 ലോകകപ്പിലെ മിന്നും വിജയത്തിന് ശേഷം വികാരഭരിതനായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. കഴിഞ്ഞ ആറ് മാസമായി താൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ മോശം അവസ്ഥയിലൂടെയായിരുന്നു എന്ന് കണ്ണീരോടെ ഹാർദിക് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുംബൈ ഇന്ത്യൻസ് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കുത്തുവാക്കുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.
2022ൽ ഗുജറാത്ത് ടൈറ്റൻസിനായി ഐ.പി.എൽ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. 2024ൽ മുംബൈ ഇന്ത്യൻസിലേക്ക് ഹാർദിക് തിരിച്ചെത്തിയത് രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള രോഷമാണ് അദ്ദേഹം നേരിടേണ്ടി വന്നത്. സ്റ്റേഡിയത്തികത്ത് പോലും ഹാർദിക്കിന് അപമാനം ഏൽക്കേണ്ടി വന്നു.
മത്സരത്തിലുടനീളം ടീം ഇന്ത്യ വളരെ ശാന്തമായായിട്ടായിരുന്നു കളിയെ സമീപിച്ചിരുന്നത്. ഇത്രയും ട്രോളുകളും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഹാർദിക് പാണ്ഡ്യ. നിർണായക നിമിഷത്തിൽ ഹെന്റിക് ക്ലാസനെയും അവസാന ഓവറിൽ മില്ലറിനെയും പുറത്താക്കി ടീമിന്റെ വിജയശിൽപ്പിയായത് ഹാർദിക്കായിരുന്നു.
"ഇത് എനിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. ഞാന്‍ അത്രമേൽ ഇമോഷണലാണ്. ഞങ്ങൾ നല്ലത് പോലെ ഹാർഡ് വർക്ക് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ, എന്തോ എവിടെയോ ശരിയാകുന്നുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് ഈ രാജ്യത്തുള്ള ഏവരും ആഗ്രഹിക്കുന്നത് ഞങ്ങൾക്ക് നേടാനായി. എന്നെ സംബന്ധിച്ചെടുത്തോളം അത് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ 6 മാസമായി ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യം വളരെ മോശമാണ്. ഒരു വാക്ക് സംസാരിക്കാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. എനിക്ക് അറിയാമായിരുന്നു, നല്ലത് പോലെ കഠിനാധ്വാനം ചെയ്താൽ എനിക്ക് എത്തേണ്ടിടത്ത് എത്താൻ സാധിക്കുമെന്ന്. ഇത്തരത്തിലുള്ള അവസരങ്ങൾ അത് തെളിയിക്കാനുള്ളതാണ്." ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ചാമ്പ്യന്മാരായി. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് കളിയിലെ താരം. ഫൈനലിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ജസ്പ്രിത് ബുംറയാണ് ടൂര്‍ണമെന്‍റിലെ താരം. 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഡി കോക്കിൻ്റേയും ക്ലാസൻ്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.