ബ്യൂണസ് ഐയേഴ്സിലെ റിവർപ്ലേറ്റ് സ്റ്റേഡിയത്തിൽ, ദി കംപ്ലീറ്റ് ലയണൽ മെസി ഷോ. ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസി കരുത്തിൽ ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് അർജന്റീന. ഹാട്രികും രണ്ട് അസിസ്റ്റുകളുമായി മെസി നിറഞ്ഞാടിയപ്പോൾ വെറും കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ ബൊളീവിയക്ക് സാധിച്ചുള്ളൂ.
19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ നേട്ടങ്ങൾ. പത്തൊമ്പതാം മിനിറ്റിൽ ലൗറ്റാരോ മാർട്ടീനസിന്റെ അസിസ്റ്റിലൂടെ മെസിയാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം പ്രഹരം മാർട്ടീനസിന്റേതായിരുന്നു. അതിന് വഴിയൊരുക്കിയതോ, മെസിയും. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മെസിയുടെ അസിസ്റ്റിൽ ജൂലിയൻ അൽവാരസും ഗോൾ നേടിയതോടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധികാരികത ആദ്യ പകുതിയിൽ തന്നെ ഉറപ്പിച്ചു.
അർജന്റീനയ്ക്കായി അടുത്ത ഗോൽ നേടിയത് അറുപത്തിയൊമ്പതാം മിനിറ്റിൽ തിയാഗോ അല്‍മാഡയായിരുന്നു. പിന്നാലെ, 84-ാം മിനിറ്റിലും 86-ാം മിനിറ്റിലും മെസി ബൊളീവിയൻ ഗോൾ വല കുലുക്കി ഹാട്രിക് തികച്ചു. ഈ ജയത്തോടെ യോഗ്യതാ റൗണ്ടിൽ 10 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.