SPORTS

കിരീടം മാത്രമല്ല ലക്ഷ്യം, കോപയില്‍ റെക്കോര്‍ഡുകളും നിറയ്ക്കാനൊരുങ്ങി മെസി

ടീമിന്‍റെ ലക്ഷ്യം കിരീടം മാത്രമാണെങ്കിലും ഒരുപാട് വ്യക്തിഗത നേട്ടങ്ങളുടെ പടിവാതില്‍ക്കലാണ് അര്‍ജന്‍റീനീയന്‍ നായകന്‍ ലയണല്‍ മെസി

Author : ന്യൂസ് ഡെസ്ക്

കോപ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരിക്കുകയാണ് അര്‍ജന്‍റീന. തങ്ങളുടെ വിജയയാത്ര തുടര്‍ന്ന് കിരീടം വീണ്ടും സ്വന്തം തട്ടകത്തിലെത്തിക്കാനാണ് മെസിയും കൂട്ടരും ലക്ഷ്യമിടുന്നത്. ടീമിന്‍റെ ലക്ഷ്യം കിരീടം മാത്രമാണെങ്കിലും ഒരുപാട് വ്യക്തിഗത നേട്ടങ്ങളുടെ പടിവാതില്‍ക്കലാണ് അര്‍ജന്‍റീനീയന്‍ നായകന്‍ ലയണല്‍ മെസി. കാനഡയ്ക്കെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതല്‍ കോപ അമേരിക്ക മത്സരങ്ങള്‍ കളിക്കുന്ന താരമായി ലയണല്‍ മെസി മാറി. 35 കോപ അമേരിക്ക മത്സരങ്ങളിലാണ് മെസി ഇതുവരെ ബൂട്ടണിഞ്ഞിട്ടുള്ളത്. ചിലെയുടെ സെര്‍ജിയോ ലിവിങ്സ്റ്റണിന്റെ 34 മത്സരങ്ങളുടെ റെക്കോർഡാണ് മെസി മറികടന്നത്.

ഈ കോപ അമേരിക്കയില്‍ അഞ്ച് ഗോളുകള്‍ നേടുകയാണെങ്കില്‍ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമായും മെസി മാറും. 13 ഗോളുകള്‍ ഇപ്പോള്‍ സ്വന്തം പേരിലുള്ള മെസിക്ക് മറികടക്കാനുള്ളത് 17 ഗോളുകള്‍ വീതം നേടിയിട്ടുള്ള മുന്‍ അര്‍ജന്‍റീനിയന്‍ താരം നോര്‍ബെര്‍ട്ടോ മെന്‍ഡിസിനെയും മുന്‍ ബ്രസീലിയന്‍ താരം സിസീഞ്ഞോയെയുമാണ്. 2022 ലോകകപ്പോടെ തന്നെ വിരമിക്കല്‍ സൂചനകള്‍ നല്‍കിയ മെസിയുടെ അവസാന കോപ അമേരിക്കയാകും ഇത് എന്നാണ് പരക്കെ കരുതപ്പെടുന്നത്. 2026ല്‍ യു.എസ്.എയില്‍ നടക്കുന്ന ലോകകപ്പില്‍ അദ്ദേഹം ബൂട്ടണിയുമോ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ല. ഫ്രഞ്ച് ക്ലബായ പി.എസ്.ജി വിട്ട് മെസി എം.എല്‍.എസ് ക്ലബായ ഇന്‍റര്‍ മയാമിയുടെ ഭാഗമായാണ് മെസി കളിക്കുന്നത്.

കോപ അമേരിക്ക 2024ന്‍റെ ഉദ്ഘാടന മത്സരത്തില്‍ ജൂലിയൻ അൽവാരസിന്‍റെയും ലൗത്താരോ മാർട്ടിനസിന്‍റെയും ഗോളുകളുടെ ബലത്തിലാണ് അര്‍ജന്‍റീന കാനഡയെ തോല്‍പ്പിച്ചത്. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം നാല്‍പ്പത്തി ഒമ്പതാം മിനുറ്റിലും എണ്‍പത്തി എട്ടാം മിനുറ്റിലുമാണ് അര്‍ജന്‍റീന കനേഡിയന്‍ വല കുലുക്കിയത്. മത്സരത്തിലെ അറുപത്തിയഞ്ചാം മിനുറ്റിലും എഴുപത്തിയൊമ്പതാം മിനുറ്റിലും ഗോള്‍ വല കുലുക്കാന്‍ മെസിക്ക് അവസരം ലഭിച്ചിരുന്നെങ്കിലും അവസരങ്ങള്‍ അദ്ദേഹം പാഴാക്കുകയായിരുന്നു.

SCROLL FOR NEXT