ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിന്മാറി മാഗ്നസ് കാൾസൺ. ജീൻസ് ധരിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. നിലവില്‍ വേൾഡ് റാപ്പിഡ്, ബ്ലിറ്റ്സ് ചാംപ്യനാണ് കാള്‍സന്‍.
ഡ്രസ് കോഡ് പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാൾസണിന് 200 ഡോളർ പിഴ ചുമത്തുകയും റാപിഡ് വിഭാഗത്തില്‍ അയോഗ്യനാക്കുകയും ചെയ്യുകയായിരുന്നു. 'ആവർത്തിച്ചുള്ള ഡ്രസ് കോഡ് ലംഘനം' കാരണമാണ് നടപടിയെന്ന് ചീഫ് ആർബിറ്റർ അലക്സ് ഹോളോവ്സാക്ക് അറിയിച്ചു. അയോഗ്യനാക്കിയതിനു പിന്നാലെ ചാംപ്യൻഷിപ്പിന്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ പങ്കെടുക്കില്ലെന്ന് കാൾസന്‍ പ്രഖ്യാപിച്ചു. നൊർവീജിയന്‍ ബ്രോഡ്കാസ്റ്ററായ എന്‍ആർകെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം കാള്‍സന്‍ സ്ഥിരീകരിച്ചത്.
ഫിഡെ (FIDE) മടുത്തുവെന്നും അവരുമായി ചേർന്ന് പ്രവർത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും കാള്‍സന്‍ അറിയിച്ചു. അടുത്ത മത്സരത്തില്‍ വേഷം മാറാമെന്ന് താന്‍ ഫിഡെയെ അറിയിച്ചെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ മാറണം എന്നായിരുന്നു അവരുടെ നിലപാടെന്നും കാള്‍സന്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞു.
കാള്‍സനെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഫിഡെ പ്രസ്താവനയും ഇറക്കി. ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പുകൾക്കായുള്ള ഫിഡെ നിയന്ത്രണങ്ങൾ പ്രൊഫഷണലിസവും നീതിയും ഉറപ്പാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ന്, മാഗ്നസ് കാൾസൺ ജീൻസ് ധരിച്ചുകൊണ്ട് വസ്ത്രധാരണ നിയമം ലംഘിച്ചു. ഈ പരിപാടിയുടെ ദീർഘകാലമായി നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ഇവ വ്യക്തമായി നിരോധിച്ചിരിക്കുന്നതാണ്. ചീഫ് ആർബിറ്റർ മിസ്റ്റർ കാൾസനെ ഈ നിയമലംഘനത്തെക്കുറിച്ച് അറിയിക്കുകയും 200 ഡോളർ പിഴ ചുമത്തുകയും വസ്ത്രധാരണം മാറ്റാൻ അഭ്യർത്ഥിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, മിസ്റ്റർ കാൾസൺ വിസമ്മതിച്ചു, തൽഫലമായി, അദ്ദേഹത്തിന് റൗണ്ട് 9ല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഈ തീരുമാനം നിഷ്പക്ഷമായി എടുത്തതാണെന്നും എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമാണെന്നും പ്രസ്താവനയിൽ പറയുന്നു.
സ്പോർട്സ് ഷൂ ധരിച്ചതിന് മുന്‍പ് മറ്റൊരു കളിക്കാരനായ ഇയാൻ നെപോംനിയാച്ചിയും സമാനമായ സാഹചര്യം നേരിട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, നെപോംനിയാച്ചി നിയന്ത്രണങ്ങൾ പാലിച്ചു. അംഗീകൃത വസ്ത്രങ്ങളിലേക്ക് ഉടനടി മാറിയതിനാല്‍ അദ്ദേഹത്തിന് ടൂർണമെന്റിൽ തുടരാന്‍ സാധിച്ചുവെന്നും ഫിഡെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.