SPORTS

ഹിറ്റ്ലറെയും ബ്രാഡ്‍മാനെയും അമ്പരപ്പിച്ച കായികപ്രതിഭ; ദേശീയ കായികദിനത്തിലെ ധ്യാന്‍ ചന്ദ് ഓര്‍മകള്‍

ഓരോ ദേശീയ കായികദിനാചരണവും ധ്യാന്‍ ചന്ദിനുള്ള ആദരം മാത്രമല്ല, ചില ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മഹത്തായൊരു കായിക പാരമ്പര്യം നമുക്കുണ്ടായിരുന്നെന്ന ഓര്‍മപ്പെടുത്തല്‍

Author : അശ്വതി വിശ്വനാഥന്‍

രാജ്യം ദേശീയ കായികദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ കായിക പാരമ്പര്യം ആഘോഷിക്കാനും കായിക പ്രതിഭകളെ ആചരിക്കാനുമാണ് ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് നമുക്ക് കായികദിനം. ഇന്ത്യന്‍ ഹോക്കിയിലെ ധ്യാന്‍ ചന്ദിന്റെ അസാധാരണ നേട്ടങ്ങളും, കായിക മേഖലയ്ക്കാകെ നല്‍കിയ പ്രചോദനങ്ങളുമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തെ ദേശീയ കായിക ദിനമാക്കി മാറ്റുന്നത്. ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസതാരം. ഫീല്‍ഡില്‍ സ്റ്റിക്ക് കൊണ്ട് മായാജാലം തീര്‍ത്ത 'ഹോക്കി മാന്ത്രികന്‍' എന്ന വിശേഷണം സ്വന്തമാക്കിയ ആള്‍. സാക്ഷാല്‍ അഡൊള്‍ഫ് ഹിറ്റ്‍ലര്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിച്ച കായികപ്രതിഭ. ഈ കായികദിനത്തില്‍ ധ്യാന്‍ ചന്ദിനെക്കുറിച്ച് കൂടുതല്‍ അറിയാം.

ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്ന സമേശ്വർ ദത്ത് സിങ്ങിന്റെയും ശ്രദ്ധ സിങ്ങിന്റെയും മകനായി 1905ല്‍ അലഹബാദിലായിരുന്നു ധ്യാൻ ചന്ദിന്റെ ജനനം. ചെറുപ്പത്തിലേ ഹോക്കിയോട് ഇഷ്ടം തുടങ്ങി. 16 വയസില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നപ്പോഴും ആ ഇഷ്ടം ചേര്‍ത്തുപിടിച്ചു. മേജർ ബെയ്ൽ തിവാരിയിൽ നിന്നായിരുന്നു ഹോക്കിയുടെ ആദ്യ പാഠം പഠിച്ചത്. പിന്നീട്, 1922 മുതൽ 1926 വരെ ആര്‍മിക്കായി നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചു പകല്‍ സൈനിക സേവനവും രാത്രിയില്‍ ഹോക്കി പ്രാക്ടീസും, അതായിരുന്നു ദിനചര്യ. ധ്യാന്‍ സിങ് എന്ന യഥാര്‍ഥ പേര് ധ്യാന്‍ ചന്ദായി മാറാനും ആ പരിശീലനം കാരണമായി. രാത്രിയില്‍ ചന്ദ്രന്റെ പ്രകാശത്തില്‍ ഹോക്കി സ്റ്റിക്കേന്തുന്ന പ്രതിഭയ്ക്ക് സഹപ്രവര്‍ത്തകന്‍ നല്‍കിയതായിരുന്നു, ധ്യാന്‍ ചന്ദ് എന്ന പേര്. 1926ല്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ആര്‍മിയുടെ ഹോക്കി ടീമില്‍ ധ്യാന്‍ ചന്ദ് ഇടംപിടിച്ചു. കളിച്ച മത്സരങ്ങളില്‍ 18 ജയം, രണ്ട് സമനില, ഒരു തോല്‍വി. ധ്യാന്‍ ചന്ദ്, രാജ്യമൊന്നാകെ ആഘോഷിക്കപ്പെട്ട വിജയത്തിന്റെ ഭാഗമായി. പിന്നെയും സൈനിക സേവനത്തിലേക്ക്. പഞ്ചാബില്‍ ലാന്‍സ് നായിക്കായി തുടരുമ്പോഴും ഹോക്കി കളി തുടര്‍ന്നു. ധ്യാന്‍ ചന്ദിലെ പ്രതിഭയുടെ മിന്നലാട്ടം ലോകം കാണാനിരിക്കുന്നതേയുള്ളായിരുന്നു.

1928ല്‍, ഇന്ത്യ പുതുചരിത്രമെഴുതിയ ആംസ്റ്റര്‍ഡാം ഒളിംപിക്സില്‍ ലോകം ധ്യാന്‍ ചന്ദിനെ ശ്രദ്ധിച്ചു. ആദ്യമായി ഒളിംപിക് ഹോക്കിയില്‍ മത്സരിച്ച പുരുഷ ടീം സ്വര്‍ണം സ്വന്തമാക്കി. ജയ്പാല്‍ സിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ തേരോട്ടം. അഞ്ച് മത്സരങ്ങളിലായി 29 തവണ എതിരാളികളുടെ ഗോള്‍വല കുലുക്കിയ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങിയിരുന്നില്ല. ധ്യാന്‍ചന്ദ് നേടിയത് 14 ഗോളുകള്‍. 1932ല്‍ ലോസ് ഏയ്ഞ്ചല്‍സില്‍ ഇന്ത്യ നേട്ടം ആവര്‍ത്തിച്ചു. അന്ന് അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ 24 ഗോളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ധ്യാന്‍ ചന്ദിന്റെ സ്റ്റിക്കില്‍നിന്നും പിറന്നത് എട്ട് ഗോളുകള്‍. സഹോദരൻ രൂപ് സിങ് പത്തും ഗുര്‍മിതി സിങ് അഞ്ച് ഗോളുകളും നേടി. ധ്യാന്‍ ചന്ദ് ഗോളടിച്ചു കൂട്ടുന്നതുകണ്ട് അമേരിക്കക്കാര്‍ ആ സ്റ്റിക്കില്‍ സംശയം പ്രകടിപ്പിച്ചു. റഫറി എന്തെങ്കിലും പറയുന്നതിനുമുന്‍പേ, ധ്യാന്‍ ചന്ദ് തന്റെ സ്റ്റിക്ക് അമേരിക്കന്‍ താരത്തിന് കൈമാറി. പകരം അമേരിക്കന്‍ താരത്തിന്റെ സ്റ്റിക്കുമായി ഗോളടി തുടര്‍ന്നു.

അതേവര്‍ഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തിലും ധ്യാന്‍ ചന്ദ് ഉള്‍പ്പെട്ട ആര്‍മി ടീം വിജയക്കൊടി പാറിച്ചു. 1935ൽ ന്യൂസിലന്‍ഡ് പര്യടനത്തിലും നേട്ടം ആവര്‍ത്തിച്ചു. 1935ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 48 മത്സരങ്ങളില്‍നിന്ന് 201 ഗോളുകളാണ് ധ്യാന്‍ ചന്ദ് അടിച്ചുകൂട്ടിയത്. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്‍മാനെ പോലും അത്ഭുതപ്പെടുത്തിയ പ്രകടനം. "ഇത് ഹോക്കി കളിക്കാരന്‍ നേടിയതോ, അതോ ക്രിക്കറ്റിലെ ബാറ്റ്സ്മാന്‍ നേടിയതോ" -എന്ന് ബ്രാഡ്‍മാന്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

1936ല്‍ ബെര്‍ലിന്‍ ഒളിംപിക്സിലും ഇന്ത്യന്‍ ഹോക്കി ടീം നേട്ടം ആവര്‍ത്തിച്ചു. ഇക്കുറി നായകക്കുപ്പായമണിഞ്ഞാണ് ധ്യാന്‍ ചന്ദ് ബെര്‍ലിനിലെത്തിയത്. ടൂര്‍ണമെന്റില്‍ ആകെ 38 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഫൈനലില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ജര്‍മനിയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്. നാല് ഗോള്‍ ധ്യാന്‍ ചന്ദിന്റെ സ്റ്റിക്കില്‍ നിന്നായിരുന്നു. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ഹാട്രിക്ക് സ്വര്‍ണം. ഒപ്പം, ലോകത്തിലെ ഏറ്റവും ശക്തരായ ഹോക്കി ടീം എന്ന ഖ്യാതിയും ഇന്ത്യ സ്വന്തമാക്കി. ധ്യാന്‍ ചന്ദിന്റെ പന്ത് നിയന്ത്രണം, എതിരാളികളെ വെട്ടിയൊഴിഞ്ഞുള്ള കുതിപ്പ്, ലക്ഷ്യം തെറ്റാതെയുള്ള ഷോട്ട് എന്നിവ കണ്ട് അമ്പരന്നവരില്‍ ഹിറ്റ്ലറുമുണ്ടായിരുന്നു. എങ്ങനെയും ധ്യാന്‍ ചന്ദിനെ രാജ്യത്തെത്തിക്കുക എന്നതായി അദ്ദേഹത്തിന്റെ ചിന്ത. ജര്‍മന്‍ പൗരത്വത്തിനൊപ്പം സൈന്യത്തില്‍ ധ്യാന്‍ ചന്ദിന് കേണല്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ, ധ്യാന്‍ ചന്ദ് ആ വാഗ്ദാനം സ്വീകരിച്ചില്ല.

1949ല്‍ ഫസ്റ്റ് ക്ലാസ് ഹോക്കിയില്‍നിന്നും 1956ല്‍ അന്താരാഷ്ട്ര ഹോക്കിയില്‍നിന്നും ധ്യാന്‍ ചന്ദ് വിരമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍, 185 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 570 ഗോളുകള്‍ ധ്യാന്‍ ചന്ദ് നേടി. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ നിന്നായി ആയിരത്തിലധികം ഗോളുകളാണ് ധ്യാന്‍ ചന്ദ് അടിച്ചത്. ഒളിംപിക്സില്‍ ഹാട്രിക് സ്വര്‍ണവും സ്വന്തമാക്കി. 1956ല്‍ രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ബിബിസി അദ്ദേഹത്തെ ഹോക്കിയിലെ മുഹമ്മദ് അലി എന്നും വിശേഷിപ്പിച്ചു.

1979 ഡിസംബര്‍ മൂന്നിന് അര്‍ബുദബാധയെത്തുടര്‍ന്നായിരുന്നു ധ്യാന്‍ ചന്ദിന്റെ അന്ത്യം. 1995ല്‍, അദ്ദേഹത്തിന്റെ 90 ാമത് ജന്മവാര്‍ഷികം മുതലാണ് ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചു തുടങ്ങിയത്. ഡല്‍ഹി നാഷണല്‍ സ്റ്റേഡിയത്തില്‍ ഒമ്പതടി ഉയരത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചു. 2002ല്‍ ആദരസൂചകമായി സ്റ്റേഡിയത്തിന്റെ പേര് ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയം എന്നാക്കി. ധ്യാന്‍ ചന്ദിന്റെ ജന്മദിനത്തിലാണ് കായികരംഗത്തെ മികവിനുള്ള മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ് എന്നിവ പ്രഖ്യാപിക്കുന്നതും.

ഓരോ ദേശീയ കായിക ദിനാചരണവും ധ്യാന്‍ ചന്ദിനുള്ള ആദരം മാത്രമല്ല, ചില ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മഹത്തായൊരു കായിക പാരമ്പര്യം നമുക്കുണ്ടായിരുന്നെന്ന ഓര്‍മപ്പെടുത്തല്‍. അതിന്റെ തുടര്‍ച്ചകളെക്കുറിച്ച് ആലോചിക്കാനുള്ള ഓര്‍മപ്പെടുത്തല്‍. കായികമേഖലയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി അത് വിരല്‍ ചൂണ്ടുന്നു. അതിന്റെ ഫലമാണ് ഖേലോ ഇന്ത്യയും ഫിറ്റ് ഇന്ത്യയും പോലുള്ള പദ്ധതികള്‍. സര്‍ക്കാര്‍ തലത്തില്‍ തുടക്കമിട്ട കായികപദ്ധതികള്‍ക്കൊപ്പം നല്ലൊരു കായിക തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇക്കുറി 'ബിൽഡിംഗ് എ സ്പോർട്സ് കൾച്ചർ' എന്നതാണ് കായിക ദിനാചരണത്തിന്റെ ആപ്തവാക്യം. പുതുതലമുറയുടെ കായിക സങ്കല്‍പ്പങ്ങള്‍ വീടകങ്ങളില്‍നിന്ന് മൈതാനങ്ങളിലേക്ക് വളര്‍ത്തിയെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനം.

SCROLL FOR NEXT