റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ. ലഖ്‌നൗ എകാന സ്റ്റേഡിയത്തിൽ നടന്ന മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്‌സിൽ നേടിയ 121 റൺസ് ലീഡാണ് മുംബൈയെ ചാമ്പ്യൻമാരാക്കിയത്. അജിങ്ക്യ രഹാനെയുടേയും സംഘത്തിന്റേയും 15ാം ഇറാനികപ്പ് നേട്ടമാണിത്. 27 വർഷത്തിന് ശേഷമാണ് മുംബൈ വീണ്ടും ഇറാനി കപ്പ് സ്വന്തമാക്കുന്നത്.
സെഞ്ച്വറി നേടിയ തനുഷ് കോട്ടിയാന്റെയും (114) അർധ സെഞ്ച്വറി നേടിയ മോഹിത് അവാസ്തിയുടേയും (51) പോരാട്ടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സ്‌കോർ: മുംബൈ - 537, 329-8, റെസ്റ്റ് ഓഫ് ഇന്ത്യ - 416 ഓൾഔട്ട്. ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ മുംബൈയുടെ സർഫറാസ് ഖാനാണ് കളിയിലെ താരം.
ഒന്നാം ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ തനുഷ് കോട്ടിയൻ രണ്ടാം ഇന്നിങ്‌സിലും ഫോം തുടർന്നു. മുംബൈക്കായി രണ്ടാം ഇന്നിങ്‌സിൽ പൃഥ്വി ഷാ (76) അർധ സെഞ്ച്വറി നേടി. ക്യാപ്റ്റൻ രാഹനെയടക്കം മുൻനിര താരങ്ങൾ നേരത്തെ പുറത്തായെങ്കിലും ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന കോട്ടിയാൻ-അവാസ്തി കൂട്ടുകെട്ട് മുംബൈയെ രക്ഷിച്ചു. റെസ്റ്റ് ഓഫ് ഇന്ത്യക്കായി സരൻഷ് ജെയിൻ ആറു വിക്കറ്റ് വീഴ്ത്തി.