2024 ലെ പാരിസ് ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെ തന്റെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് പ്രതിഫലങ്ങൾ നീരജ് ചോപ്ര ഉയർത്തുമെന്ന് റിപ്പോർട്ട്. ഈ വർഷം ഏകദേശം 50% വർധനയുണ്ടാകുമെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം വരെ പ്രതിവർഷം മൂന്ന് കോടി രൂപയായിരുന്നു നീരജിന്റെ പരസ്യ പ്രതിഫലം, എന്നാൽ ഇനി അത് 4 മുതൽ 4.5 കോടി രൂപ വരെ ഉയരുമെന്നും മണികൺട്രോൾ വ്യക്തമാക്കുന്നു.
ഇതോടെ ഏറ്റവും കൂടുതൽ പരസ്യ വരുമാനം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളായി നീരജ് മാറുമെന്നാണ് സൂചന. നിലവിൽ ക്രിക്കറ്റ് താരങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്.
ALSO READ: VIDEO/ വിനേഷ് ഫോഗട്ട് തിരിച്ചെത്തി: വൻ വരവേൽപ്പ്, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി വിമാനത്താവളം
അമേരിക്കൻ സ്‌പോർട്‌സ് വെയർ കമ്പനിയായ അണ്ടർ ആർമർ, സ്വിസ് ആഡംബര വാച്ച് മേക്കർ ഒമേഗ, ഗില്ലറ്റ്, സാംസങ്, വിസ തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഉൾപ്പെടെ 24 വിഭാഗങ്ങളിലായി 24 ബ്രാൻഡുകളിൽ നിന്ന് നീരജ് ചോപ്ര പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാൽ ഈ വർഷം അവസാനത്തോടെ ഇത് 24-32 ബ്രാൻഡുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
2022-ൽ 26.5 മില്യൺ ഡോളറായിരുന്നു ചോപ്രയുടെ ബ്രാൻഡ് മൂല്യം. എന്നാൽ കഴിഞ്ഞ വർഷം അത് 29.6 മില്യൺ ഡോളറായി ഉയർന്നു. നിലവിൽ ഏറ്റവും മൂല്യവത്തായ സെലിബ്രിറ്റികളുടെ പട്ടികയിൽ 21-ാം സ്ഥാനത്താണ് അദ്ദേഹം. ഇനി മുതൽ ചോപ്രയുടെ ബ്രാൻഡ് മൂല്യം 40 മുതൽ 50 ശതമാനം വരെ വർദ്ധിക്കുമെന്നും ജെഎസ്ഡബ്ല്യു റിപ്പോർട്ട് ചെയ്യുന്നു.