ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം ന്യൂസിലാൻഡ് 402 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയുടെയും അർധ സെഞ്ച്വറി നേടിയ ടിം സൗത്തിയുടെയും പ്രകടനമാണ് മൂന്നാം ദിനം കീവീസിന് ഗുണമായത്. ഇതോടെ ഒന്നാം ഇന്നിങ്സ് ലീഡ് 356 എന്ന കൂറ്റൻ നമ്പറിലേക്ക് ഉയർത്താനും ന്യൂസിലാൻഡിനായി. രചിൻ രവീന്ദ്ര 157 പന്തുകളിൽ നിന്നും 134 റൺസ് നേടി.
ഇന്നിങ്സിന്റെ വേഗത കൂട്ടിയത് ടിം സൗത്തിയുടെ ബാറ്റിങ്ങായിരുന്നു. 73 പന്തുകളിൽ നിന്ന് അഞ്ച് ഫോറും നാല് സിക്സറുകളും അടക്കം 65 റൺസാണ് സൗത്തി അടിച്ചു കൂട്ടിയത്. രണ്ടാം ദിനം താരമായത് ഡെവൺ കോൺവേയായിരുന്നു. 91 റൺസാണ് കോൺവേ നേടിയത്. ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവിചന്ദ്രൻ അശ്വിൻ, ജസ്പ്രിത് ബുംറ എന്നിവർ ഓരോ വിക്കറ്റും വിഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 46 റൺസിന് അവസാനിച്ചിരുന്നു. സ്വന്തം മണ്ണിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടും പേറിയാണ് ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറിയത്. 31.2 ഓവറില്‍ കീവീസ് ഇന്ത്യയുടെ കഥ കഴിച്ചു. ഓപ്പണിങ്ങില്‍ യശ്വസി ജയ്സ്വാള്‍ 63 പന്തില്‍ 12 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ 16 പന്തില്‍ രണ്ട് റണ്‍സുമാണ് എടുത്തത്. വിരാട് കോഹ്‌ലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഋഷഭ് പന്ത് 49 പന്തില്‍ 20 റണ്‍സെടുത്തു. കുല്‍ദീപ് യാദവ് രണ്ട്, ബുംമ്ര ഒന്ന്, സിറാജ് പുറത്താകാതെ നാല് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.