സിക്സറടിയിൽ കരീബിയൻ പവർ ഹൗസായിരുന്ന സാക്ഷാൽ ക്രിസ് ഗെയ്‌ലിനെ അട്ടിമറിക്കാൻ മറ്റൊരു വിൻഡീസ് താരം തയ്യാറെടുക്കുന്നു. ടി20 ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവുമധികം സിക്സറുകൾ പറത്തിയ താരമെന്ന ലോക റെക്കോർഡ് (135 സിക്സുകൾ) ഗെയ്‌ലിൻ്റെ പേരിലാണുള്ളത്. 2015ലാണ് യൂണിവേഴ്സൽ ബോസ് ഈ റെക്കോർഡ് സൃഷ്ടിച്ചത്.
ഈ റെക്കോർഡിന് തൊട്ടടുത്തെ എത്തിയിരിക്കുകയാണ് വിൻഡീസിൻ്റെ മിഡിൽ ഓർഡർ ബാറ്ററായ നിക്കൊളാസ് പൂരൻ. ഇക്കൊല്ലം 2024ൽ മാത്രം പൂരൻ 130 സിക്സുകൾ പറത്തിയിട്ടുണ്ട്. ഇക്കൊല്ലം നാല് മാസം കൂടി ശേഷിക്കെ ലോക റെക്കോർഡ് മറികടക്കാൻ ആറ് സിക്സറുകൾ കൂടി മതി പൂരന്. താരത്തിന് ഈ നേട്ടം മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ക്രിസ് ഗെയ്ൽ നേരത്തെ 2012ൽ 121, 2011ൽ 116, 2016ൽ 112, 2017ൽ 101 വീതം സിക്സറുകൾ പറത്തിയിരുന്നു. ഈ വർഷം ഗെയ്‌ലിൻ്റെ ഇപ്പറഞ്ഞ റെക്കോർഡുകളെല്ലാം മറികടന്ന പൂരൻ ഇപ്പോൾ പട്ടികയിൽ രണ്ടാമതാണ്.