SPORTS

'ഇനി കളിക്കാരനായല്ല, ആരാധകനായി ടീമിനൊപ്പം'; വിരമിക്കൽ പ്രഖ്യാപിച്ച് തോമസ് മുള്ളർ

2010ല്‍ അരങ്ങേറ്റം കുറിച്ച താരം ആ വര്‍ഷം നടന്ന ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുകയും ഗോള്‍ഡന്‍ ബൂട്ടും ഫിഫ യങ് പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ജർമൻ ഫുട്ബോൾ താരം തോമസ് മുള്ളർ വിരമിക്കൽ പ്രഖ്യാപിച്ചു. 14 വർഷം നീണ്ട കരിയറാണ് ജർമൻ മുന്നേറ്റ താരം അവസാനിപ്പിച്ചത്. 2014ൽ ജർമനി ലോകകപ്പ് സ്വന്തമാക്കുമ്പോൾ ആ ടീമിലെ പ്രധാനിയായിരുന്നു തോമസ് മുള്ളർ. ജർമനിയ്ക്കായി 131 മത്സരങ്ങൾ കളിച്ചിട്ടുള്ള മുള്ളർ 45 ​ഗോളുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

"14 വര്‍ഷം മുമ്പ് ജര്‍മന്‍ ദേശീയ ടീമിനായി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ ഇതൊന്നും ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. 131 ദേശീയ ടീം മത്സരങ്ങളിലെ 45 ഗോളുകള്‍ക്കുശേഷം ഞാന്‍ ഫുട്‌ബോളില്‍ നിന്ന് വിടപറയുന്നു. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കുന്നു. എല്ലാവര്‍ക്കും നന്ദി. 2026 ലോകകപ്പിനായി ഞാന്‍ ടീമിനൊപ്പം കൈകോര്‍ക്കും. എന്നാൽ അതൊരു കളിക്കാരനായിട്ടല്ല, ആരാധകനായിട്ടായിരിക്കും." വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മുള്ളർ പറഞ്ഞു.

2010 മാര്‍ച്ചിലാണ് മുള്ളര്‍ ജര്‍മന്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ് തുടങ്ങിയത്. ആ വർഷം നടന്ന ലോകകപ്പില്‍ അദ്ദേഹം ജർമനിക്കായി അഞ്ച് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും ഫിഫ യങ് പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കി. 2014ല്‍ ജര്‍മനി ലോകകപ്പ് കിരീടം നേടിയപ്പോഴും അദ്ദേഹം
ടീമിന്റെ നിര്‍ണായക ഭാഗമായി നിലകൊണ്ടു. പോര്‍ച്ചുഗലിനെതിരെ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളുകള്‍ ആ ലോകകപ്പിലും മുള്ളർ നേടി. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ യൂറോ കപ്പില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു മുള്ളറുടെ സ്ഥാനം. രണ്ട് മത്സരങ്ങളിലായി 56 മിനിറ്റ് കളിച്ചു. ചാമ്പ്യന്മാരായ സ്‌പെയിനിനോട് നോക്കൗട്ടില്‍ 2-1ന് പരാജയപ്പെട്ടാണ് ജര്‍മനി യൂറോ കപ്പില്‍നിന്ന് പുറത്തായത്.

SCROLL FOR NEXT