SPORTS

"ആരും ബുംറയുടെ ബൗളിങ്ങിനെക്കുറിച്ച് സംസാരിക്കാറില്ല, പരിശീലകര്‍ പോലും" അക്സര്‍ പട്ടേല്‍

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ പിഴുതെറിഞ്ഞത് മൂന്ന് വിക്കറ്റുകളാണ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ടീമില്‍ ആരും ജസ്പ്രിത് ബുംറയുടെ ബൗളിങ്ങിനെക്കുറിച്ച് അധികം സംസാരിക്കാറില്ലെന്ന് സഹതാരം അക്സര്‍ പട്ടേല്‍. ബുംറയുടെ മനസില്‍ കണ്‍ഫ്യൂഷന്‍ ജനിക്കാതിരിക്കാനായി ഇന്ത്യയുടെ ബൗളിങ് കോച്ച് പരസ് മാംബ്രെ പോലും അദ്ദേഹത്തിന് അധികം ഇന്‍പുട്ടുകള്‍ നല്‍കാറില്ലെന്നും അക്സര്‍ കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ പിഴുതെറിഞ്ഞത് മൂന്ന് വിക്കറ്റുകളാണ്. ഏഴ് റണ്‍സില്‍ താഴെ ഇക്കോണമിയില്‍ തുടര്‍ച്ചയായ എട്ടാം ടി20 ലോകകപ്പ് മത്സരത്തിലാണ് ബുംറ പന്തെറിയുന്നത്.

"ആരും ബുംറയുടെ ബൗളിങ്ങിനെക്കുറിച്ച് അങ്ങിനെ പറഞ്ഞുകേട്ടതായി എനിക്ക് ഓര്‍മ്മയില്ല. അദ്ദേഹത്തിന് അറിയാം, എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നത്. കാര്യങ്ങളെല്ലാം വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യമില്ലാതെ കണ്‍ഫ്യൂഷന്‍സ് ഉണ്ടാക്കാനായി ഉപദേശങ്ങള്‍ നല്‍കുന്നത് അനാവശ്യമാണ്. നിങ്ങള്‍ നല്ല രീതിയിലാണ് പന്തെറിയുന്നത്, എന്താണോ നിങ്ങള്‍ക്ക് ശരിയായി തോനുന്നത്, അത് ചെയ്യുക എന്ന് മാത്രമാണ് ബൗളിങ് കോച്ച് പോലും ബുംറയോട് പറയാറുള്ളത്." അഫ്ഗാനിസ്ഥാനെതിരായ പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലാണ് അക്സര്‍ ഇക്കാര്യം പങ്കുവച്ചത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തന്‍റെ ആദ്യ സ്പെല്ലില്‍ സ്ലോ കട്ടറുകള്‍ പരീക്ഷിച്ച ജസ്പ്രിത് ബുംറ തുടക്കത്തില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെയും ഹസ്രത്തുള്ള സസായിയെയും പുറത്താക്കി. ശേഷം അവസാന ഓവറുകളില്‍ തന്‍റെ പേസ് ആയുധമാക്കി ഒരു ഫുള്‍ ലെങ്ത്ത് യോര്‍ക്കറിലൂടെ സദ്രാന്‍റെ വിക്കറ്റും നേടി. ടി20 ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ബുംറ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ബുംറയുടെ ബൗളിങ് എക്കോണമി 3.46 ആണ്. ആവറേജ് 6.50.

ടി20 ലോകകപ്പില്‍ ടീം ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ പാകിസ്താനെയും യു.എസ്.എയെയും വീഴ്ത്തിയായിരുന്നു തുടക്കം. കാനഡയ്ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചത്. 22ആം തിയതി ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ രണ്ടാം സൂപ്പര്‍ 8 പോരാട്ടം.

SCROLL FOR NEXT