സൗത്ത് കൊറിയൻ അത്ലറ്റുകൾ മാർച്ച് പാസ്റ്റിനിടെ 
SPORTS

ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റ്: ദക്ഷിണ കൊറിയയെ ഉത്തര കൊറിയയെന്ന് വിളിച്ച് സംഘാടകര്‍, പിന്നാലെ മാപ്പ്

21 ഇനങ്ങളിലായി 143 അത്‌ലറ്റുകളാണ് ഇത്തവണ ദക്ഷിണ കൊറിയയില്‍ നിന്ന് മത്സരിക്കാനെത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പാരിസില്‍ വെച്ച് നടക്കുന്ന 33-ാമത് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ അത്‌ലറ്റുകളെ ഉത്തര കൊറിയന്‍ എന്ന് തെറ്റി വിളിച്ച് സംഘാടകര്‍. ദക്ഷിണ കൊറിയന്‍ അത്‌ലറ്റുകള്‍ സെയ്ന്‍ നദിയിലൂടെ ബോട്ടില്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യുന്നതിനിടെയാണ്, ഇംഗ്ലീഷിലും ഫ്രഞ്ചിലും ഉത്തര കൊറിയയുടെ ഔദ്യോഗിക നാമമായ 'ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ' എന്ന് അനൗണ്‍സ് ചെയ്തത്.

പിന്നീട് ഉത്തര കൊറിയന്‍ അത്‌ലറ്റുകള്‍ കടന്നു പോയപ്പോഴും ഇതേ പേര് തന്നെയാണ് അനൗണ്‍സ് ചെയ്തത്. ഉദ്ഘാടനം ബ്രോഡ്കാസ്റ്റ് ചെയ്തിരുന്ന ചാനലില്‍ ശരിയായ രീതിയില്‍ തന്നെയാണ് പേര് എഴുതിക്കാണിച്ചത്.

സംഭവത്തില്‍ സംഘാടകര്‍ മാപ്പു പറഞ്ഞ് രംഗത്തെത്തി. പക്ഷെ പേര് തെറ്റായി വിളിച്ചതിനെതിരെ ഫ്രഞ്ച് സര്‍ക്കാര്‍ തലത്തില്‍ പരാതി നല്‍കുമെന്നാണ് ദക്ഷിണ കൊറിയയുടെ കായിക മന്ത്രാലയം അറിയിച്ചത്.

പാരിസില്‍ വെച്ച് രാജ്യത്തിന്റെ പേര് മാറ്റി വിളിച്ച സംഭവത്തില്‍ ഖേദമുണ്ട് എന്നും മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയുടെ രണ്ടാമത്തെ ഉപ കായികമന്ത്രിയും 2008ലെ ഒളിംപിക്‌സ് വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യനുമായ ജാങ് മി-റാന്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കുമായി ഒരു കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, അവരുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കൊറിയന്‍ ഭാഷയില്‍ തന്നെ ക്ഷമാപണം നടത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്താണ് ഉത്തര കൊറിയയായും ദക്ഷിണ കൊറിയയായും വിഭജിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ദക്ഷിണ കൊറിയ 'റിപ്പബ്ലിക് ഓഫ് കൊറിയ' എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. 21 ഇനങ്ങളിലായി 143 അത്‌ലറ്റുകളാണ് ഇത്തവണ ദക്ഷിണ കൊറിയയില്‍ നിന്ന് മത്സരിക്കാനെത്തിയിരിക്കുന്നത്.

അതേസമയം, ഉത്തര കൊറിയയില്‍ നിന്ന് 16 അത്‌ലറ്റുകള്‍ മാത്രമാണ് ഒളിംപിക്‌സില്‍ മത്സരിക്കാനെത്തിയിരിക്കുന്നത്.

SCROLL FOR NEXT