OTHER SPORTS

ഏഷ്യന്‍ ഗെയിംസ് മെഡൽ നേട്ടം എട്ടു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം; ലക്ഷ്യം 2028 ഒളിംപിക്സ്: വിദര്‍ശ

സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു, 2023-24 കാലത്ത് ഷൂട്ടിങ് ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നെന്ന് വിദര്‍ശ

Author : ന്യൂസ് ഡെസ്ക്

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിന്റെ ആവേശം ന്യൂസ് മലയാളത്തോടു പങ്കുവെച്ച് കോഴിക്കോട് സ്വദേശി വിദർശ കെ. വിനോദ്. അടുത്ത ഇനത്തിൽ സ്വർണം ലക്ഷ്യമിട്ട് പരിശീലനത്തിലാണ് കേരളത്തിന്റെ അഭിമാനതാരം. കേരളത്തിൽ താരങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്നും വിദർശ ന്യൂസ് മലയാളം ഹലോ മലയാളത്തിൽ പറഞ്ഞു.

ഏഷ്യൻ ഗെയിംസ് വേദിയിൽ ചരിത്രമെഴുതിയ മലയാളി, വിദർശ കെ. വിനോദിന്റെ നേട്ടത്തിന്റെ ആവേശത്തിലാണ് കേരളം. വിദർശയുടെ ചരിത്രമെഡലിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും പ്രതിസന്ധികളുടെയും കഥയുണ്ട്. മെഡൽ നേട്ടം എട്ട് വർഷത്തെ കഠിന അധ്വാനത്തിന്റെ ഫലമാണെന്ന് വിദര്‍ശ പറയുന്നു. സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 2023-24 കാലത്ത് ഷൂട്ടിങ് ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. പക്ഷേ, ലക്ഷ്യത്തിൽ നിന്ന് പിന്മാറിയില്ലെന്ന് വിദര്‍ശ പറഞ്ഞു. ടീമിന് മികച്ച രീതിയിൽ പ്രകടനം നടത്താനായന്നും വിദര്‍ശ പറഞ്ഞു.

കേരളത്തിൽ മികച്ച പരിശീലനം ലഭിക്കുന്നില്ലെന്ന വിഷമവും വിദര്‍ശ പങ്കുവച്ചു. ഷൂട്ടിങ് താരങ്ങൾക്ക് ഒരുപാട് അവസരം ഉണ്ട്. പക്ഷേ, പ്രാക്ടീസ് ഇല്ലെങ്കിൽ കൃത്യമായി ഷോട്ട് എടുക്കാൻ സാധിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പല താരങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിൽ മികച്ച പരിശീലന സൗകര്യങ്ങൾ വേണമെന്നും വിദര്‍ശ പറഞ്ഞു.

മെഡൽ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട്. വെള്ളി മെഡലിന്റെ സന്തോഷത്തിനിടയിലും പോഡിയത്തിൽ ദേശീയഗാനം കേൾക്കാനാകാത്തതിൽ നിരാശയുണ്ടെന്ന് താരം പ്രതികരിച്ചു. അടുത്ത മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി പോഡിയത്തിൽ ദേശീയ ഗാനം കേൾപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദര്‍ശ. സെപ്റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് വിദർശയുടെ അടുത്ത മത്സരം. 2028 ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നതെന്നും വിദര്‍ശ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT