നോർവെ ചെസ് ചാംപ്യൻഷിപ്പിൽ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ നേരിടുന്ന, ലോക ചാംപ്യനും കൗമാരക്കാരനുമായ ഇന്ത്യന്‍ താരവുമായ ഡി. ഗുകേഷ്. X/ Amit Kamath
OTHER SPORTS

ചെസ് മത്സരം തോറ്റ ലോക ഒന്നാം നമ്പറുകാരൻ മാഗ്നസ് കാൾസൻ ഇന്ത്യയുടെ ഗുകേഷിനെ അപമാനിച്ചോ? വീഡിയോ വൈറലാകുന്നു

തോല്‍വി വഴങ്ങിയതിൻ്റെ നിരാശയില്‍ കാള്‍സന്‍ മേശയില്‍ ശക്തമായി അടിച്ച് തൻ്റെ ദേഷ്യം തീര്‍ത്തതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നോർവെ ചെസ് ചാംപ്യൻഷിപ്പിൽ കഴിഞ്ഞ ദിവസമാണ് മുന്‍ ലോക ചെസ് ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ നിലവിലെ ലോക ചാംപ്യനും കൗമാരക്കാരനായ ഇന്ത്യന്‍ താരം ഡി. ഗുകേഷ് തോൽപ്പിച്ചത്. നിലവിലെ ലോക ചാമ്പ്യനാണ് ​ഗുകേഷ്. ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിൻ്റെ നിരാശയില്‍ കാള്‍സന്‍ മേശയില്‍ ശക്തമായി അടിച്ച് തൻ്റെ ദേഷ്യം തീര്‍ത്തതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്.

ക്ലാസിക്കല്‍ ചെസില്‍ ഇതാദ്യമായാണ് ഗുകേഷ് കാള്‍സനെ പരാജയപ്പെടുത്തുന്നത്. ഏതാനും സെക്കൻഡുകൾ നിരാശയുടെ പടുകുഴിയിലായിരുന്ന കാൾസൻ ഉടനെ തന്നെ സ്വബോധത്തിലേക്ക് മടങ്ങിയെത്തുകയും ഗുകേഷിന് ഹസ്തദാനം നൽകുന്നതും വീഡിയോയിൽ കാണാമായിരുന്നു. സംഭവം വിവാദമായതോടെ മാഗ്നസ് കാള്‍സന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിഷയം വലിയ കാര്യമാക്കേണ്ടതില്ലെന്ന നിലപാടുമായി ഗുകേഷും പ്രതികരിച്ചു. തൻ്റെ കരിയറിൽ താനും ഒരുപാട് തവണ മേശയിൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സര ശേഷം പറഞ്ഞു.

നോര്‍വെ ചെസ് പോരാട്ടത്തിൻ്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സനെ തോൽപ്പിച്ചത്. പിന്നാലെയാണ് താരത്തിൻ്റെ അപ്രതീക്ഷിത പെരുമാറ്റം. ലോക ഒന്നാം നമ്പറുകാരൻ മാഗ്നസ് കാൾസൻ്റെ ശക്തമായ ഇടിയില്‍ ചില ചെസ് കരുക്കള്‍ താഴെ ഉരുണ്ടുവീണതായും വീഡിയോയിൽ കാണാം. ഇതിൻ്റെ വീഡിയോ വൈറലായി മാറിയിരുന്നു. കാള്‍സൻ്റെ സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത പെരുമാറ്റത്തിൽ ഗുകേഷ് ഞെട്ടുന്നതും എഴുന്നേറ്റ് നിൽക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഗുകേഷിനെതിരെ കാള്‍സൻ വിജയിക്കുമെന്ന് മത്സരത്തിന് മുൻപ് പ്രവചനങ്ങൾ ഉണ്ടായിരുന്നു. മത്സരത്തില്‍ തുടക്കം മുതല്‍ കാള്‍സന് തന്നെയായിരുന്നു ആധിപത്യവും. എന്നാല്‍ എതിരാളിയുടെ പിഴവുകൾ മുതലെടുക്കാനുള്ള ഗുകേഷിൻ്റെ മികവിൽ ലോക ഒന്നാം നമ്പര്‍ താരം അടിയറവ് പറയുകയായിരുന്നു.

SCROLL FOR NEXT