OTHER SPORTS

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ഗുകേഷിനെ ഞെട്ടിച്ച് ഡിങ് ലിറൻ, 12-ാം ഗെയിമില്‍‌ വിജയം നേടി ചൈനീസ് താരം

ലോക ചാംപ്യൻഷിപ്പിൽ രണ്ട് കളികൾ കൂടി ബാക്കിയുള്ളപ്പോൾ ആറ് പോയിന്‍റുകളുമായി ഇരുതാരങ്ങളും സമനിലയിലാണ്

Author : ന്യൂസ് ഡെസ്ക്

ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യന്‍ താരം ഡി. ഗുകേഷിന് തോൽവി. 12-ാം മത്സരത്തിൽ ഗുകേഷിനെ ഞെട്ടിച്ച് ചൈനയുടെ ഡിങ് ലിറൻ വിജയം നേടി. 11ാം ഗെയിമിലെ വിജയത്തിലൂടെ മുന്നിലെത്തിയ ഗുകേഷിന് തൊട്ടടുത്ത ദിവസം തന്നെ മറുപടി നല്‍കുകയായിരുന്നു ചൈനീസ് താരം. ഇതോടെ ലോക ചാംപ്യൻഷിപ്പിൽ രണ്ട് കളികൾ കൂടി ബാക്കിയുള്ളപ്പോൾ ആറ് പോയിന്‍റുകളുമായി ഇരുതാരങ്ങളും സമനിലയിലാണ്.

11-ാം ഗെയിമിലെ തോൽവിക്ക് ശേഷം, ജയിക്കുക എന്ന സമ്മർദത്തോടെയാണ് ഡിങ് ലിറന്‍ ഇന്ന് മത്സരിച്ചത്. സമനിലകളില്‍ സംതൃപ്തനായിരുന്ന ലിറനെയല്ല ഇന്ന് കാണാന്‍ സാധിച്ചത്. മുൻ ലോക ചാംപ്യൻ മാഗ്നസ് കാൾസൺ 11-ാം ഗെയമിലെ പ്രകടനത്തിനു ശേഷം ലിറന്‍റെ തോല്‍വി പ്രവചിച്ചിരുന്നു. എന്നാല്‍ 39–ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു. 22 നീക്കങ്ങള്‍ അവസാനിച്ചപ്പോള്‍ തന്നെ മത്സരത്തില്‍ ഡിങ് ലിറന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു. സമയത്തിന്‍റെ സമ്മർദം ഗുകേഷിന് മുകളിലായിരുന്നു. അവസാനം ഏഴ് മിനിറ്റിനുള്ളിൽ 15 നീക്കങ്ങൾ നടത്തേണ്ട സ്ഥിതിയിലായിരുന്നു ഗുകേഷ്.

ചാംപ്യന്‍ഷിപ്പിലെ ആദ്യ ഗെയിമിൽ ലിറനായിരുന്നു ജയം. രണ്ടാമത്തെ മത്സരം സമനിലയിലായിരുന്നു. ഇതോടെ മൂന്നാമത്തെ മത്സരത്തിൽ ജയിക്കേണ്ടത് ഗുകേഷിന് അത്യന്താപേക്ഷിതമായി മാറി. ആ മത്സരത്തില്‍ ജയിച്ചതോടെ ഇരുവർക്കും 1.5 പോയിൻ്റ് വീതം നേടാനായി. പിന്നീടു തുടർച്ചയായ ഏഴ് ഗെയിമുകള്‍ സമനിലയിലാണു കലാശിച്ചത്. 11-ാം ഗെയിമില്‍ വിജയിച്ച് ഗുകേഷ് മുന്നിലെത്തി. എന്നാല്‍ ആ സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 12-ാം ഗെയിമില്‍ വിജയിച്ച് ലിറന്‍ ഇന്ത്യന്‍ താരത്തിന് ഒപ്പമെത്തി.

ഇനി രണ്ട് മത്സരങ്ങളാണ് ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്.  14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരോ അവർക്ക് ലോക കിരീടത്തിൽ മുത്തമിടാം. സിംഗപ്പൂരിലെ സെൻ്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നത്.

SCROLL FOR NEXT