നോർവെ ചെസ് ചാംപ്യൻഷിപ്പിന് നാടകീയ അന്ത്യം. നോർവെ ചെസ് ചാംപ്യൻഷിപ്പ് കിരീടം നിലനിർത്തി മാഗ്നസ് കാൾസൻ. കാൾസൻ്റെ ഏഴാം നോർവെ ചെസ് കിരീടമാണിത്. അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഇന്ത്യൻ താരം ഡി. ഗുകേഷിന് നിരാശ. യുക്രേനിയൻ താരം അന്ന മുസിചുകാണ് വനിത വിഭാഗത്തിൽ ചാംപ്യനായത്.
ക്ലാസിക്കൽ ചെസിൽ ലോക ചാംപ്യൻ ഡി. ഗുകേഷിനെ മറികടന്ന് കിരീടം നിലനിർത്തിയിരിക്കുകയാണ് മാഗ്നസ് കാൾസൻ. കാൾസൻ്റെ ഏഴാം നോർവെ ചെസ് കിരീട നേട്ടമാണിത്.
അവസാന മത്സരത്തിനിറങ്ങുമ്പോൾ ഡി. ഗുകേഷും, മാഗ്നസ് കാൾസനും തമ്മിൽ അര പോയിന്റ് വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ഇന്ത്യൻ താരം അർജുൻ എരിഗെയ്സിയായിരുന്നു അവസാന റൗണ്ടിൽ കാൾസൻ്റെ എതിരാളി. ചതുരംഗകളത്തിലെ 34 നീക്കങ്ങൾക്ക് ഒടുവിൽ മത്സരം സമനിലയിൽ പിരിഞ്ഞു.
എന്നാൽ കിരീട പോരിനിറങ്ങിയ ഗുകേഷിൻ്റെ കണക്കുകൂട്ടലുകൾ തെറ്റി. അവസാന റൗണ്ടിൽ ഫാബിയാനോ കരുവാനയോട് ഗുകേഷ് തോൽവി വഴങ്ങി. 47-ാം നീക്കത്തിലെ ഫാബിയാനോയുടെ പിഴവ് മുതലെടുക്കാനാകാത്തതും ഗുകേഷിന് തിരിച്ചടിയായി. കാൾസൻ 16 പോയിൻ്റുമായി ടൂർണമെൻ്റ് അവസാനിപ്പിച്ചപ്പോൾ, ഫാബിയാനോ കരുവാന രണ്ടാം സ്ഥാനത്തും ഗുകേഷിന് മൂന്നാം സ്ഥാനത്തേക്കും ഒതുങ്ങേണ്ടിവന്നു.