ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ജേതാക്കളായ പാലക്കാട് കിരീടവുമായി Source: facebook/ Kerala Olympic Association
OTHER SPORTS

സംസ്ഥാന സ്കൂൾ കായിക മേള: ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ജേതാക്കളായി പാലക്കാട്, റണ്ണറപ്പുകളായി കോഴിക്കോട്

പ്രഥമ ഇൻക്ലൂസീവ് കായികമേളയുടെ വിജയികളായിരുന്ന തിരുവനന്തപുരം ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ഭിന്നശേഷി കായിക താരങ്ങൾക്കായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ് സ്പോർട്സിൽ ഓവറോൾ ജേതാക്കളായി പാലക്കാട്. 98 പോയിൻ്റാണ് പാലക്കാട് നേടിയത്. 14 ജില്ലകളിൽ നിന്നായി 1944 കായിക താരങ്ങളാണ് സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ മാറ്റുരച്ചത്. 80 പോയിൻ്റുമായി കോഴിക്കോട് റണ്ണറപ്പുകളായി. പ്രഥമ ഇൻക്ലൂസീവ് കായികമേളയുടെ വിജയികളായിരുന്ന തിരുവനന്തപുരം ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് 'ബോച്ചെ' എന്നറിയപ്പെടുന്ന ബോക്‌സ് ബാൾ ഉൾപ്പെടെ 20 ഇനങ്ങളിൽ തിരുവനന്തപുരം ആവേശപ്പോരിന് സാക്ഷ്യം വഹിച്ചു. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിന് കരുത്തായത്. എട്ട് സ്വർണവും രണ്ട് വെള്ളിയുമടക്കം 54 പോയിൻ്റോടെയാണ് പാലക്കാട് ഈ വിഭാഗത്തിൽ തിളങ്ങിയത്. രണ്ട് സ്വർണം ആറ് വെള്ളി രണ്ട് വെങ്കലമടക്കം 46 പോയിൻ്റുമായി തിരുവനന്തപുരം അത്‌ലറ്റിക്‌സ് ഇനങ്ങളിൽ രണ്ടാമതെത്തി.

മൂന്നാമതെത്തിയ കോഴിക്കോടിന് 36 പോയിൻ്റ് ലഭിച്ചു. ഒരു സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമാണ് അവർ അത്‌ലറ്റിക്‌സ് ഇനങ്ങളിൽ നിന്ന് വാരിയത്. ഇൻക്ലൂസീവ് ഗെയിംസ് ഇനങ്ങളിൽ നിന്ന് മാത്രം 38 പോയിൻ്റ് നേടിയതാണ് കോഴിക്കോട് ജില്ലയെ ഓവറോൾ തലത്തിൽ റണ്ണറപ്പുകളാക്കിയത്. മൂന്ന് സ്വർണം, ഓരോന്ന് വീതം വെള്ളിയും വെങ്കലവും അവർ സ്വന്തമാക്കി. ഓവറോൾ ചാമ്പ്യന്മാർക്കും അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലെ ചാംപ്യന്മാർക്കും ട്രോഫികൾ സമ്മാനിച്ചു.

SCROLL FOR NEXT